ജാക്കി ചാൻ മരിച്ചെന്ന് സോഷ്യൽ മീഡിയ, രോഷത്തോടെ പ്രതികരിച്ച് ആരാധകർ

Tuesday 11 November 2025 7:34 PM IST

ആഗോളതലത്തിൽ ഒട്ടേറെ ആരാധകരുളള താരമാണ് ജാക്കി ചാൻ. ചൈനീസ്, ഹോളിവുഡ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ആക്ഷൻ താരമാണ് അദ്ദേഹം. ജാക്കി ചാൻ മരിച്ചെന്ന തരത്തിലുള്ള വ്യാജ വാർത്തകൾ ഇടയ്ക്ക് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. 71 വയസുകാരനായ അദ്ദേഹം ഒരു ആശുപത്രിയിൽ കിടക്കുന്ന ചിത്രത്തിനോടൊപ്പമാണ് വാർത്ത പ്രചരിക്കുന്നത്. ജാക്കി ചാൻ മരിച്ചുവെന്ന് കുടുംബം സ്ഥിരീകരിച്ചുവെന്നും സോഷ്യൽമീഡിയ പോസ്റ്റിൽ പറയുന്നു.

എന്നാൽ ഇത് ആദ്യമായല്ല ജാക്കി ചാന്റെ മരണവുമായി ബന്ധപ്പെട്ടുള്ള വ്യാജവ്യാർത്തകൾ പ്രചരിക്കുന്നത്. അത്തരം വ്യാജവാർത്ത പ്രചരിക്കുമ്പോഴെല്ലാം മറുപടിയുമായി ജാക്കി ചാൻ രംഗത്തെത്താറു‌ണ്ട്. വാർത്ത കണ്ട് വിശ്വസിച്ച പലരും ദുഃഖം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പിന്നാലെ ഫേസ്ബുക്കില്‍ പ്രചരിച്ച വ്യാജവാര്‍ത്തയ്‌ക്കെതിരെ നിരവധിയാളുകള്‍ രംഗത്തുവരികയായിരുന്നു. എന്തിനാണ് ജാക്കി ചാനെ നിങ്ങൾ കൊല്ലാൻ ശ്രമിക്കുന്നതെന്നാണ് കമെന്റുകൾ. അദ്ദേഹത്തിന്റെ ഏറ്റവും പുതിയതായി എത്തുന്ന ചിത്രം ന്യൂ പൊലീസ് സ്‌റ്റോറി 2, പ്രൊജക്ട് പി, ഫൈവ് എഗെയ്ന്‍സ്റ്റ് എ ബുള്ളറ്റ് എന്നിവയാണ് . റഷ് അവര്‍ 4 ന്റെ ജോലികളും പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.