@ സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റി 'പൂക്കൾ' വിടരുമോ, വാടുമോ

Wednesday 12 November 2025 12:30 AM IST
സുൽത്താൻ ബത്തേരി നഗരസഭ

സുൽത്താൻ ബത്തേരി : ക്ലീൻ സിറ്റി, ഗ്രീൻ സിറ്റി, ഫ്ളവർ സിറ്റി എന്ന ആശയത്തിലൂന്നി നടത്തിയ വികസന പ്രവർത്തനം സുൽത്താൻ ബത്തേരിയിൽ തുണയാകുമെന്ന ആത്മവിശ്വാസത്തിലാണ് എൽ.ഡി.എഫ്. അതെസമയം കാര്യമായ വികസനമൊന്നും നടത്താതെ പുറംമേനി നടിക്കുന്ന ഇടതുപക്ഷക്കാരിൽ നിന്ന് മുനിസിപ്പാലിറ്റി ഭരണം തിരിച്ചുപിടിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് യു.ഡി.എഫ്. നഗരസഭയിൽ കാര്യമായ ചലനം സൃഷ്ടിക്കാൻ കഴിയാത്ത ബി.ജെ.പി ഇത്തവണ ആറ് വാർഡ് പിടിച്ചെടുക്കാനുറച്ചാണ് അങ്കത്തിനിറങ്ങുന്നത്. 2015ലാണ് ഗ്രാമപഞ്ചായത്തായിരുന്ന ബത്തേരി നഗരസഭയായി ഉയർന്നത്. മൂന്നര പതിറ്റാണ്ട് കാലം പഞ്ചായത്ത് ഭരിച്ചിരുന്നത് യു.ഡി.എഫായിരുന്നു. പ്രഥമ നഗരസഭ തിരഞ്ഞെടുപ്പിൽ 35 ഡിവിഷനിൽ 17 വീതം വാർഡുകൾ എൽ.ഡി.എഫും യുഡിഎഫും പിടിച്ചു.അവശേഷിച്ച ഒരു വാർഡ് ബി.ജെ.പി നേടി. സീറ്റ് തുല്യമായതോടെ ഭരണം തുലാസിലായി. കേരള കോൺഗ്രസ് പ്രതിനിധിയായി ജയിച്ചയാളെ ഇടത്തേയ്ക്ക് കൂട്ടിയാണ് ഇടതുപക്ഷം പ്രഥമ നഗരസഭ ഭരണം പിടിച്ചെടുത്തത്. 2020ൽ നടന്ന തിരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ എൽ.ഡി.എഫ് ഭരണം നിലനിർത്തി. കേരള കോൺഗ്രസ് (എം) എൽ.ഡി.എഫിന്റെ ഘടക കക്ഷിയായി . 23 വാർഡുകളിൽ എൽ.ഡി.എഫ് ജയിച്ചപ്പോൾ 11 സീറ്റ് മാത്രമാണ് യു.ഡി.എഫിന് നിലനിർത്താനായത്. ഒരു സ്വതന്ത്രനും വിജയിച്ചു. ബി.ജെ.പിയ്ക്ക് അക്കൗണ്ട് തുറക്കാനായില്ല.

വാർഡ്

(2020) -35

വാർഡ്

(2025)- 36

ക്ഷേമം ആഗ്രഹിക്കുന്നവർ

വീണ്ടും അധികാരത്തിലേറ്റും

ജനക്ഷേമം മുൻനിർത്തിയുള്ള വികസനം കാഴ്ചവെച്ച എൽ.ഡി.എഫ് ഭരണ സമിതിയെ ജനങ്ങൾ വീണ്ടും അധികാരത്തിലേറ്റും. സമസ്തമേഖലകളിലും വികസനം എത്തിക്കാൻ കഴിഞ്ഞുവെന്ന ചാരിതാർത്ഥ്യത്തോടെയാണ് നഗരസഭ ഭരണം പൂർത്തിയാക്കി പടിയിറങ്ങുന്നത്. അഞ്ച് വർഷ കാലയളവിൽ നിരവധി വികസന പ്രവർത്തനങ്ങളാണ് കാഴ്ചവെച്ചത്. കരിവള്ളിക്കുന്നിൽ മാലിന്യ പ്ലാന്റ്, ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് അഞ്ച് അർബൻ ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ, ഏഴ് സബ് സെന്റർ എന്നിവ സ്ഥാപിച്ചു, ലൈഫ് ഭവന പദ്ധതിയിൽ 1608 കുടുംബങ്ങൾക്ക് വീട് നിർമ്മിച്ചുനൽകി. നഗരസഭ പരിധിയിലെ മുഴുവൻ സ്‌കൂളുകളും സ്മാർട്ട് സ്‌കൂളാക്കി. സുൽത്താൻ ബത്തേരി പട്ടണത്തിൽ മൂന്ന് ഏക്കർ സ്ഥലം വാങ്ങി ബസ് ടെർമിനൽ നിർമ്മിക്കുന്നതിന് തറക്കല്ലിട്ട് ബി.ഒ.ടി അടിസ്ഥാനത്തിൽ പ്രവൃത്തി ആരംഭിച്ചു.

ടി.കെ.രമേശ് , ചെയർപേഴ്സൺ സുൽത്താൻ ബത്തേരി നഗരസഭ

വികസനം പട്ടണത്തിൽ

മാത്രമായി ശുചിത്വ നഗരം എന്നതിലുപരി ബത്തേരിയിൽ ഒരു വികസന പ്രവർത്തനവും നടക്കുന്നില്ല. ബത്തേരി അസംപ്ഷൻ ജംഗ്ഷൻ മുതൽ ചുങ്കം വരെയാണ് നഗരസഭയുടെ വികസനം. ഗ്രാമങ്ങളിലേയ്ക്ക് ഒരു വികസനവും എത്തിയിട്ടില്ല. ഗ്രാമീണ റോഡുകൾ മുഴുവൻ തകർന്ന് കിടക്കുകയാണ് . അമൃത് കുടിവെള്ള പദ്ധതിയുടെ രണ്ടാംഘട്ടം പൂർത്തീകരിച്ചില്ല. മുനിസിപ്പൽ സ്റ്റേഡിയം 10 വർഷത്തേയ്ക്ക് കരാർ വ്യവസ്ഥയിൽ ഒരു സ്ഥാപനത്തിന് നൽകിയിട്ടും കരാറിൽ പറഞ്ഞ ഒരു കാര്യവും നടപ്പാക്കാനായില്ല. ചുങ്കം മുതൽ തൊടുവട്ടിവരെ റോഡിന്റെ വശങ്ങളിലായി നടപ്പാക്കുമെന്ന് പറഞ്ഞ ബുലേവാർഡിന് ഫണ്ട് പോലും വകയിരുത്താനായില്ല. ബസ് ടെർമിനൽ തിരഞ്ഞെടുപ്പ് കണ്ടുള്ള ഒരു ഗിമ്മിക്ക് പരിപാടിയാണ്.

രാധാ രവീന്ദ്രൻ

(യു.ഡി.എഫ് )

ബി.ജെ.പി കരുത്ത്

തെളിയിക്കും

ബി.ജെ.പി വന്നാൽ വൻ വികസനമായിരിക്കും ബത്തേരി മുനിസിപ്പാലിറ്റിയിൽ ഉണ്ടാവുക. ബി.ജെ.പി വരാതിരിക്കുന്നതിന് അവർ ഇരുകൂട്ടരും ഒരു മുന്നണിയായാണ് മത്സരിക്കുന്നത്. ബത്തേരി മുനിസിപ്പാലിറ്റിയിൽ കൊട്ടിഘോഷിക്കുന്നതല്ലാതെ ഒരു വികസനവും കാര്യമായി നടന്നിട്ടില്ല. ഇത്തവണ ബി.ജെ.പി മുപ്പത്തിയാറ് ഡിവിഷനിലും മത്സരിക്കും .ആറ് ഡിവിഷൻ വരെ ബി.ജെ.പിയ്ക്ക് ലഭിക്കും. ഇതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു. ഇതിനകം തന്നെ ഗൃഹസമ്പർക്ക പരിപാടി പൂർത്തീകരിച്ചു കഴിഞ്ഞു. യു.ഡി.എഫും എൽ.ഡി.എഫും ഇന്ത്യമുന്നണി കളിച്ചില്ലെങ്കിൽ മിക്ക വാർഡുകളിലും ബി.ജെ.പി വരും.

എ.എസ്.കവിത ബി.ജെ.പി ബത്തേരി മണ്ഡലം പ്രസിഡന്റ്

കക്ഷിനില

എൽ.ഡി.എഫ് - 23 യു.ഡി.എഫ് - 11 സ്വതന്ത്ര- 1