പൊന്മന കാട്ടിൽ മേക്കതിൽ ദേവീ ക്ഷേത്രത്തിൽ വൃശ്ചികോത്സവം
ചവറ: പൊന്മന കാട്ടിൽ മേക്കതിൽ ദേവീക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിന് 17ന് രാവിലെ 9.30 കഴികെ 10 നകം പി.ഉണ്ണിക്കൃഷ്ണൻ തന്ത്രിയുടെ മുഖ്യ കാർമ്മികത്വത്തിൽ തൃക്കൊടിയേറ്റും. 11ന് ഡോ. സുജിത്ത് വിജയൻ പിള്ള എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ഉദ്ഘാടനം ചെയ്യും. എൻ.കെ.പ്രേമചന്ദ്രൻ എം.പി മുഖ്യപ്രഭാഷണം നടത്തും. കൈതപ്രം ദാമോദരൻ നമ്പൂതിരി മുഖ്യാതിഥിയാവും. മുൻ എം.എൽ.എ കെ.കെ.ഷാജു, ഹിന്ദു ഐക്യവേദി സെക്രട്ടറി സി.ബാബു, മധു ബാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും. ക്ഷേത്രയോഗം ട്രസ്റ്റ് സെക്രട്ടറി പി.സജി സ്വാഗതവും ട്രസ്റ്റ് അസി. സെക്രട്ടറി എസ്.ദിനേശ് നന്ദിയും പറയും.
എല്ലാദിവസവും 11.45ന് അന്നദാനം. 18ന് പതിവ് ചടങ്ങുകൾക്ക് പുറമേ വൈകിട്ട് 4.30ന് ദേവിയെ നാന്തകത്തിലേക്ക് കുടിയിരുത്തി തോറ്റംപാട്ട് ആരംഭം. 22ന് ഉത്സവബലി പ്രമാണിച്ച് രാവിലെ 11 മുതൽ വൈകിട്ട് 4 വരെ ദർശനം ഉണ്ടായിരിക്കില്ല. 27ന് ഉച്ചയ്ക്ക് 2ന് തങ്കഅങ്കി വരവേൽപ്പ്, 6.20ന് തങ്കഅങ്കി ചാർത്തി ദീപാരാധന. 28ന് പന്ത്രണ്ട് വിളക്ക് മഹോത്സവം, രാവിലെ 9ന് വൃശ്ചിക പൊങ്കൽ, രാത്രി 7ന് ക്ഷേത്ര യോഗം ട്രസ്റ്റ് പ്രസിഡന്റ് പി.അനിൽജോയിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന സമാപന സമ്മേളനം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യും. സിനിമാതാരം ഇന്ദ്രൻസ്, രമ്യ ഹരിദാസ് എക്സ് എം.പി എന്നിവർ വിശിഷ്ടാതിഥികളാകും. ക്ഷേത്രട്രസ്റ്റ് വൈസ് പ്രസിഡന്റ് എം.ജി.നടരാജൻ ജ്യോത്സ്യർ സ്വാഗതവും ട്രഷറർ ആർ.സത്യനേശൻ നന്ദിയും പറയും. 10.30ന് തിരുമുടി എഴുന്നെള്ളത്ത്, തൃക്കൊടിയിറക്ക്.