സി.പി.എം വാർഡുകൾ കാക്കാൻ ദമ്പതികൾ
ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്തിലെ എടയപ്പുറം ഭാഗത്തെ 18,19 വാർഡുകൾ കാക്കാൻ ദമ്പതികളെ കളത്തിലിറക്കി സി.പി.എം. എടയപ്പുറം മനക്കത്താഴം കവലയിൽ പുറപ്പേൽ വീട്ടിൽ പി.എസ്. ജയനും ഭാര്യ ഹിത ജയകുമാറുമാണ് മത്സരത്തിനിറങ്ങുന്നത്. അശോകപുരം നോർത്ത് 18-ാം വാർഡിൽ ഹിതയും എരുമത്തല 19-ാം വാർഡിൽ ജയകുമാറും മത്സരിക്കും. പുന:സംഘടനയ്ക്ക് മുമ്പുള്ള 17-ാം വാർഡിലെ സിറ്റിംഗ് മെമ്പറാണ് ഹിത. കുറച്ചുകാലം പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണുമായി. 16-ാം വാർഡ് അംഗമായിരുന്ന അഭിലാഷ് അശോകൻ മൂന്ന് വർഷത്തോളമായി ജോലി സംബന്ധമായി വിദേശത്താണ്. മൂന്ന് വട്ടം നാട്ടിലെത്തി പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ പങ്കെടുത്തതിനാൽ അംഗത്വം നഷ്ടമായില്ലെങ്കിലും ഈ വാർഡിലെ ഇൻ ചാർജുകാരി ഹിതയായിരുന്നു. 16-ാം വാർഡിന്റെ ഭൂരിഭാഗം പ്രദേശവും ഉൾകൊള്ളുന്നതാണ് പുതിയ 18-ാം വാർഡ്.
സി.പി.എം ബ്രാഞ്ച് അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ കീഴ്മാട് വില്ലേജ് ജോയിന്റ് സെക്രട്ടറിയുമാണ് ഹിത. എസ്.എൻ.ഡി.പി യോഗം എടയപ്പുറം ശാഖ വനിത സംഘം മുൻ പ്രസിഡന്റുമാണ്. ദീർഘകാലമായി പൊതുരംഗത്തുള്ള ജയകുമാർ ആദ്യമായാണ് മത്സരത്തിറങ്ങുന്നത്. സി.പി.എം എടയപ്പുറം സൗത്ത് ബ്രാഞ്ച് സെക്രട്ടറിയും ലോക്കൽ കമ്മിറ്റി അംഗവുമാണ്. ഹിത തയ്യൽ ജോലിക്കാരിയും ജയൻ ഇലക്ട്രീഷ്യനുമാണ്. രണ്ട് മക്കളും വിദ്യാർത്ഥികളാണ്.