കലാമണ്ഡലം വിദ്യാർത്ഥികളുടെ പരാതിയിൽ അദ്ധ്യാപകനെതിരെ പോക്സോ കേസ്
Wednesday 12 November 2025 1:55 AM IST
ചെറുതുരുത്തി : കലാമണ്ഡലം കൂടിയാട്ടം അദ്ധ്യാപകനായ ദേശമംഗലം സ്വദേശി കൊല്ലൂർക്കാവിൽ കനക കുമാറിനെതിരെ വിദ്യാർത്ഥികളുടെ പരാതിയിൽ പോക്‌സോ വകുപ്പ് ചേർത്ത് കേസെടുത്തു. കഴിഞ്ഞദിവസം ആറ് വിദ്യാർത്ഥികൾ വൈസ് ചാൻസലർക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അദ്ധ്യാപകനെ സസ്‌പെൻഡ് ചെയ്യുകയും പരാതി ചെറുതുരുത്തി പൊലീസിന് കൈമാറുകയും ചെയ്തു. പൊലീസ് കുട്ടികളുടെ മൊഴിയെടുത്തു.
ക്ലാസെടുക്കുന്ന സമയത്ത് രണ്ട് വിദ്യാർത്ഥികളുടെ ശരീര ഭാഗങ്ങളിൽ സ്പർശിച്ചതായും ബോഡി ഷെയ്മിംഗ് നടത്തിയതായും നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോക്‌സോ വകുപ്പ് ഉൾപ്പെടുത്തി കേസെടുത്തത്. അദ്ധ്യാപകൻ ക്ലാസിൽ മദ്യപിച്ചു വരുന്നതായും വിദ്യാർത്ഥികളെ ശാരീരികമായി മാനസികമായും പീഡിപ്പിക്കുന്നതായും പരാതിയിൽ പറയുന്നു. ഇയാൾ ഒളിവിലാണെന്നും തെരച്ചിൽ ആരംഭിച്ചെന്നും പൊലീസ് അറിയിച്ചു.