പി.എഫ് പെൻഷൻകാരുടെ മാർച്ച്

Wednesday 12 November 2025 12:53 AM IST

തിരുവനന്തപുരം: പി.എഫ് പെൻഷണേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ രാജ്ഭവൻ മാർച്ച് സംഘടിപ്പിച്ചു. മ്യൂസിയം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച മാർച്ച് കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു.

പാർലമെന്റിന്റെ ആസന്നമായ ശീതകാല സമ്മേളനത്തിൽ പെൻഷൻകാരുടെ ആവശ്യങ്ങൾക്കായി ഒറ്റക്കെട്ടായി ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പി.എഫ് പെൻഷൻ കാലോചിതമായി പരിഷ്കരിക്കുക, മിനിമം പെൻഷൻ 9000 രൂപയാക്കുക, ക്ഷാമബത്തഏർപ്പെടുത്തുക, 1971 മുതലുള്ള സർവീസ് കാലാവധി പെൻഷന് പരിഗണിക്കുക, പെൻഷൻ നിലയ്ക്കുന്ന സമയം നിക്ഷേപം കുടുംബത്തിന് നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്.

സി.കെ. ഹരീന്ദ്രൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. വി.ജെ. ജോസഫ് (ഐ.എൻ.ടി.യു.സി), ജോർജ് തോമസ് (ഐ.എൻ.ടി.യു.സി), മാഹിൻ അബൂബക്കർ (എസ്.ടി.യു), എം. ധർമ്മജൻ ,ഡി. മോഹനൻ, സി. പ്രഭാകരൻ, ഡോക്ടർ എം.പി. പത്മനാഭൻ, ആർ. സദാനന്ദൻ പിള്ള, ടി.കെ. രമേശൻ,വിശാലാക്ഷി തുടങ്ങിയവർ പങ്കെടുത്തു.