ശബരിമല: പൊലീസ് കൺട്രോളറുടെ സർവീസ് വിവരം നൽകാൻ നിർദ്ദേശം

Wednesday 12 November 2025 12:58 AM IST

കൊച്ചി: മണ്ഡല മകരവിളക്ക് സീസണിൽ ശബരിമല സന്നിധാനത്തെ പൊലീസ് കൺട്രോളറായി നിയോഗിച്ച ആർ. കൃഷ്ണകുമാറിന്റെ സർവീസ് വിവരങ്ങൾ ഹാജരാക്കണമെന്ന് ഹൈക്കോടതി. ശബരിമലയിലും പമ്പയിലും പ്രധാന ദൗത്യങ്ങൾ ഏൽപ്പിച്ചിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ വിശദാംശങ്ങൾ സമർപ്പിക്കണം. രണ്ടു വർഷത്തിലധികമായി ഇവിടെ പ്രവർത്തിച്ചവരുടെ പട്ടികയും നൽകണമെന്ന് ജസ്റ്റിസ് വി. രാജവിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വംബെഞ്ച് ശബരിമല ചീഫ് പൊലീസ് കോഓർഡിനേറ്ററായ ഹെഡ്ക്വാർട്ടേഴ്സ് എ.ഡി.ജി.പിയോട് നിർദ്ദേശിച്ചു. പൊലീസ് കൺട്രോളറെ മാറ്റി നിയമിച്ചതുമായി ബന്ധപ്പെട്ട് ശബരിമല സ്പെഷ്യൽ കമ്മിഷണറുടെ റിപ്പോർട്ടിൽ സ്വമേധയാ എടുത്ത ഹർജിയിലാണ് നിർദ്ദേശം.

കെ.എ.പി -1 ബറ്റാലിയനിലെ എ.പി.എസ്.ഐയാണ് ആർ. കൃഷ്ണകുമാർ. ഇദ്ദേഹത്തിന് മുമ്പ് സന്നിധാനത്ത് നിയോഗിച്ചിരുന്ന ഉദ്യോഗസ്ഥൻ 20 വർഷം തുടർച്ചയായി അവിടെ പ്രവർത്തിച്ചു. ഇത്തരം സാഹചര്യം സുതാര്യതയെയും കാര്യക്ഷമതയെയും നിഷ്പക്ഷതയെയും ബാധിക്കുമെന്ന് കോടതി പറഞ്ഞു. കൃഷ്ണകുമാറിനെതിരെ അച്ചടക്ക നടപടികളോ പരാമർശങ്ങളോ ഉണ്ടായിട്ടുണ്ടോ എന്നും അറിയിക്കണം. രണ്ടു വർഷത്തിലധികമായി ശബരിമലയിൽ സേവനം ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ നിലവിലെ ചുമതലകളും അറിയിക്കണം. ചീഫ് പൊലീസ് കോഓർഡിനേറ്ററെ ഹർജിയിൽ കക്ഷിചേർത്തു. വിഷയം 14ന് വീണ്ടും പരിഗണിക്കും.