ഡിജിറ്റൽ അറസ്റ്റ് ഭീഷണി; 20 ലക്ഷം തട്ടിയ യുവതി അറസ്റ്റിൽ
ആലപ്പുഴ: ചെങ്ങന്നൂർ സ്വദേശിയായ സ്വകാര്യ കമ്പനി ജീവനക്കാരനിൽ നിന്ന് ഡിജിറ്റൽ അറസ്റ്റ് എന്ന പേരിൽ ഭീഷണിപ്പെടുത്തി സമൂഹമാദ്ധ്യമം വഴി 20,50,800രൂപ തട്ടിയ കേസിൽ യുവതി അറസ്റ്റിലായി. കർണാടക മൈസൂർ സ്വദേശിനി ചന്ദ്രികയെയാണ് (21) ആലപ്പുഴ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്.
മുംബയ് പൊലീസെന്ന പേരിൽ പരാതിക്കാരനെ വാട്സ് ആപ്പ് വഴി ബന്ധപ്പെട്ടാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിൽ പരാതി രജിസ്റ്റർ ചെയ്തതോടെ ജില്ലാ പൊലീസ് മേധാവി എം.പി.മോഹനചന്ദ്രന്റെ നിർദ്ദേശപ്രകാരം ഒക്ടോബർ നാലിന് ആലപ്പുഴ സൈബർ ക്രൈം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചു. പരാതിക്കാരനിൽ നിന്ന് പണം വാങ്ങിയ ബാങ്ക് അക്കൗണ്ട് ഉടമയാണ്ചന്ദ്രിക.
സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ എ.എസ്.ഐ സജി ജോസ്, സീനിയർ സി.പി.ഒ ഷിബു എന്നിവർ മൈസൂർ അശോകപുരത്തെ പ്രതിയുടെ താമസസ്‌ഥലത്തെത്തി നോട്ടീസ് നൽകിയിരുന്നു. എന്നിട്ടും ഹാജരാകാത്തതിനെ തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ആലപ്പുഴ ഡി.സി.ആർ.ബി ഡിവൈ.എസ്.പി സന്തോഷിന്റെ മേൽനോട്ടത്തിൽ സൈബർ ക്രൈം സ്റ്റേഷൻ ഇൻസ്‌പെക്ടർ ഏലിയാസ് പി.ജോർജ്ജ്, സബ് ഇൻസ്‌പെക്ടർ ശരത്‌ചന്ദ്രൻ, സി.പി.ഒമാരായ റികാസ്, വിദ്യ, ആരതി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.