ബനാന ബോംബല്ല പക്ഷേ, കേസായി! ബോംബ് ഭീഷണിക്ക് ഡ്രൈവർക്കെതിരെ കേസ് സംഭവം തിരു. വിമാനത്താവളത്തിൽ
ശംഖുംമുഖം: വിദേശത്തേക്ക് കയറ്റി അയയ്ക്കാൻ പഴവർഗങ്ങളുമായി പിക്കപ്പ് വാനിൽ കോഴിക്കോട് നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെ കാർഗോ കോംപ്ളക്സിലേക്ക് എത്തിയതാണ് ഡ്രൈവർ സുജിത്ത്. ആഭ്യന്തര ടെർമിനലിന് സമീപത്തെ കാർഗോ കോംപ്ലക്സിലേക്ക് പത്താം നമ്പർ കവാടത്തിലൂടെ പിക്കപ്പ് എത്തിയതും സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥ വാഹനം തടഞ്ഞ് പരിശോധന തുടങ്ങി. പരിശോധന നീണ്ടതോടെ സുജിത്ത് തമാശയ്ക്ക് പറഞ്ഞു 'ബനാന ഈസ് നോട്ട് എ ബോംബ് '.
ഇതു കേട്ടതോടെ ഉദ്യോഗസ്ഥ ഡ്രൈവർ ബോബ് ഭീഷണി മുഴക്കിയെന്ന് പറഞ്ഞ് സി.ഐ.എസ്.എഫ് കൺട്രോൾ റൂമിലേക്ക് സന്ദേശം നൽകി. ഉടൻ വിമാനത്താവളത്തിൽ അലർട്ട് പ്രഖ്യാപിച്ചു. ബോംബ് ത്രെട്ട് അസസ്‌മെന്റ് കമ്മിറ്റി യോഗം ചേർന്നു. ബോംബ് സ്‌ക്വാഡെത്തി വാഹനം പരിശോധിച്ചു. കണ്ടെത്തിയത് തെർമ്മോക്കോൾ പെട്ടിയിൽ അടച്ച പഴവർഗങ്ങൾ.
എന്നാൽ, ബോംബ് ഭീഷണി ഉയർത്തിയെന്ന് കാട്ടി വിമാനത്താവളത്തിൽ നിന്ന് വലിയതുറ പൊലീസിൽ പരാതി നൽകിയതോടെ കേസെടുത്തു. കസ്റ്റഡിയിലെടുത്ത സുജിത്തിനെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. കോഴിക്കോട് സ്വദേശിയാണ് സുജിത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. തമാശയ്ക്ക് പറഞ്ഞത് ഇത്രയും പുലിവാലാകുമെന്ന് സുജിത്ത് കരുതിയില്ല.