ഡൽഹിയിൽ വീണ്ടും സ്‌ഫോടനം? ഉഗ്രശബ്‌ദം കേട്ടത് ഹോട്ടലിന് സമീപം, പൊലീസ് പരിശോധന

Thursday 13 November 2025 11:00 AM IST

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വീണ്ടും സ്‌‌ഫോടനശബ്‌ദം കേട്ടതായി റിപ്പോർട്ട്. മഹിപാൽപൂരിലെ റാഡിസൺ ഹോട്ടലിന് സമീപം ഇന്ന് രാവിലെ ഉഗ്രശബ്‌ദമുണ്ടായെന്നാണ് വിവരം. ഡൽഹി ഫയർ സർവീസ് ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, രാവിലെ 9.18നാണ് അവർക്ക് ഫോൺ കോളെത്തിയത്. ഉടൻതന്നെ മൂന്ന് യൂണിറ്റ് ഉദ്യോഗസ്ഥരെ സ്ഥലത്തേക്കയച്ചു. ഒരു സ്‌ത്രീയാണ് വിളിച്ചതെന്നും ഗുരുഗ്രാമിലേക്കുള്ള യാത്രമദ്ധ്യേ ഉഗ്രശബ്‌ദം കേട്ടെന്നാണ് അവർ പറഞ്ഞതെന്നുമാണ് ഫയർ സർവീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്.

ഡൽഹി പൊലീസ്, ബോംബ് സ്‌ക്വാഡ്, ഫയർഫോഴ്‌സ് സംഘങ്ങൾ സംയുക്തമായി ചേർന്ന് സ്ഥലത്ത് സമഗ്രമായ തെരച്ചിൽ നടത്തി. എന്നാൽ, ഹോട്ടൽ പരിസരത്ത് സംശയാസ്‌പദമായി ഒന്നുംതന്നെ കണ്ടെത്താനായില്ല. ധൗള കുവാനിലേക്ക് പോകുകയായിരുന്ന ഒരു ഡിടിസി ബസിന്റെ പിൻ ടയർ പ്രദേശത്ത് വച്ച് പൊട്ടിയതായും അതിൽ നിന്ന് ഉഗ്രശബ്‌ദം കേട്ടതായും പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. ജനങ്ങൾ പരിഭ്രമിക്കേണ്ട കാര്യമില്ലെന്നും പ്രദേശം സുരക്ഷിതമാണെന്നും അധികൃതർ വ്യക്തമാക്കി.

തിങ്കളാഴ്‌ച വൈകിട്ട് ചെങ്കോട്ടയ്‌ക്ക് സമീപം ഉണ്ടായ കാർ സ്‌‌ഫോടനത്തെത്തുടർന്ന് ഡൽഹിയുടെ പലഭാഗങ്ങളിലും ശക്തമായ പരിശോധന നടക്കുകയാണ്. ചെങ്കോട്ട സ്‌ഫോടനത്തിൽ 12പേരാണ് കൊല്ലപ്പെട്ടത്. നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്‌തു.