60 വർഷത്തിലേറെ പഴക്കമുള്ള 21 കാറുകളുമായി അവർ കേരളത്തിലെത്തി; വിൽപ്പനയല്ല, വരവിന് പിന്നിൽ മറ്റൊരു ലക്ഷ്യമുണ്ട്

Thursday 13 November 2025 12:12 PM IST

വിഴിഞ്ഞം: പഴമയുടെ സൗന്ദര്യവുമായി 21 മുത്തശ്ശിക്കാറുകൾ കോവളം തീരത്തെത്തി. ഇന്ന് കന്യാകുമാരിയിലേക്കും രണ്ടുനാൾ കഴിഞ്ഞ് മുംബയിലേക്കും തിരിക്കും. 60വർഷത്തിലേറെ പഴക്കമുള്ള ആഡംബര കാറുകളാണ് ഇന്നലെ കണ്ടെയ്നർ മാർഗം കോവളത്തെ താജ് ഗ്രീൻകോവ് ഹോട്ടൽ പാർക്കിംഗ് ഗ്രൗണ്ടിലെത്തിയത്.

മുംബയിൽ സ്ഥിരതാമസക്കാരായ കാർ ഉടമകളിൽ 35 വയസ് മുതൽ 75 വയസ് വരെയുള്ളവരുണ്ട്. പഴയ ആഡംബര കാറുകൾ കൈവശം ഉള്ളവരുടെ കൂട്ടായ്മയാണ് കാറുമായി കോവളത്തെത്തിയത്. ജർമ്മൻ നിർമ്മിത ബീറ്റൽസ്, ബെൻസ്, ടൊയോട്ട, ലാൻഡ്മാസ്റ്റർ, മെഴ്സിഡസ് ബെൻസ് തുടങ്ങിയ പെട്രോൾ ആഡംബര കാറുകളാണിവ.

2012 മുതൽ ഈ സംഘം ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ കാറുമായി വിനോദയാത്ര നടത്തുകയാണ്. കൊവിഡ് സമയത്ത് യാത്ര മുടങ്ങി. ഇത്തവണ കേരളത്തിലെ ജലാശയമുൾപ്പെട്ട സ്ഥലങ്ങളാണ് തിരഞ്ഞെടുത്തത്. ഒരു യാത്രയിൽ 1000 മുതൽ 3000 കിലോമീറ്റർ വരെ സഞ്ചരിക്കും. സംഘത്തിലെ ദിനേശ് ലാൽ (75) ആണ് കൂട്ടത്തിലെ പ്രായം കൂടിയയാൾ. ഇയാൾക്കൊപ്പം ഭാര്യ പത്മാ ലാലുമുണ്ട്. ഹിമാലയത്തിൽ കയറി ഗിന്നസ് ബുക്കിൽ ഇടംനേടിയ ബീറ്റിൽ കാറും എത്തിയിട്ടുണ്ട്.