അമിത അളവിൽ മരുന്ന് കഴിച്ചതിന് ചികിത്സയിലായിരുന്ന യുവതി ആശുപത്രിയിൽ തൂങ്ങിമരിച്ചു

Thursday 13 November 2025 2:28 PM IST

കണ്ണൂർ: അമിത അളവിൽ ഗുളിക കഴിച്ചതിനെത്തുടർന്ന് പരിയാരം സർക്കാർ മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന യുവതി തൂങ്ങിമരിച്ചു. കൂത്തുപറമ്പ് കോട്ടയം ഏഴാംമൈൽ പടയങ്കുടി ഇ കെ ലീന എന്ന നാൽപ്പത്താറുകാരിയാണ് മരിച്ചത്. കഴിഞ്ഞദിവസമാണ് ലീനയെ ആശുപത്രിയിൽ എത്തിച്ചത്.

ഇന്ന് രാവിലെ ഒൻപതുമണിയോടെ നാലാം നിലയിലെ 401ാം വാർഡിലെ ശുചിമുറിയിൽ ലീനയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ശുചിമുറിയിൽ കയറിയ ലീന ഏറെനേരം കഴിഞ്ഞും പുറത്തുവരാത്തതിനെത്തുടർന്ന് ആശുപത്രി അധികൃതർ നടത്തിയ പരിശോധനയിലാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ കെട്ടഴിച്ച് നിലത്തിറക്കിയെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഭർത്താവ്: സന്തോഷ് കുമാർ, മകൻ: യദുനന്ദ്.