പങ്കാളിയുടെയും അടുത്ത സുഹൃത്തിന്റെയും ഫോൺ സംസാരം റെക്കാഡ് ചെയ്യുന്നവരുണ്ടോ? ഈ നിയമം അറിഞ്ഞിരിക്കണം
ഒരു വ്യക്തിയുടെ സ്വകാര്യതയിലേക്ക് ഇടിച്ചുകയറുന്നത് നിയമപരമായും ധാർമികപരമായും തെറ്റാണ്. പക്ഷെ അത് ഏതെല്ലാം അവസരങ്ങളിലാണ് തെറ്റായി മാറുന്നതെന്ന് തിരിച്ചറിയേണ്ടതുണ്ട്. സ്മാർട്ട് ഫോണുകളുടെ വ്യാപകമായ കടന്നുവരവും ഇതിൽ പ്രധാനപ്പെട്ട കാരണമാണ്. സ്വകാര്യതയെ ബാധിക്കുന്ന തരത്തിലുളള ഒട്ടനവധി ക്രിമിനൽ കേസുകൾ വാർത്തകളിൽ കാണാറുണ്ട്. ഇവയ്ക്കുപിന്നിലെ നിയമസാദ്ധ്യതയെക്കുറിച്ച് എല്ലാവരും അറിയണമെന്നില്ല.
ഒരുപക്ഷെ ഒരു വ്യക്തി അയാളുടെ അടുത്ത സുഹൃത്തുമായോ പങ്കാളിയുമായോ സംസാരിക്കുന്നത് എതിർവശത്തുളളയാൾ അയാളുടെ സമ്മതമില്ലാതെ റെക്കാഡ് ചെയ്യുന്നത് ക്രിമിനൽ കുറ്റമാണോ? ഇതേക്കുറിച്ച് അറിയേണ്ട ചില കാര്യങ്ങളുണ്ട്.
ഇതിലെ നിയമവശം പരിശോധിക്കുമ്പോൾ, ആ സംഭാഷണത്തിന്റെ ഉള്ളടക്കവുമായി ബന്ധപ്പെട്ടാണ് ക്രിമിനൽ കുറ്റമാണോ അല്ലയോയെന്ന് തീരുമാനിക്കുന്നത്. അതായത് മറ്റൊരാളുമായുളള ഫോൺ സംസാരം നിങ്ങൾ റെക്കാഡ് ചെയ്യുന്നത് ക്രിമിനൽ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടണമില്ല. പക്ഷെ റെക്കാഡ് ശകലം മറ്റൊരു വ്യക്തിയെ ഭീഷണിപ്പെടുത്താനോ അപമാനിക്കാൻ ശ്രമിക്കാനോയാണ് ഉപയോഗിക്കുന്നതെങ്കിൽ അത് നിയമപരിധിക്കുളളിൽപ്പെടും.
ഫോൺ സംസാരങ്ങൾ റെക്കാഡ് ചെയ്യുന്നത് നിയമത്തിന്റെ പരിധിയിൽപ്പെടുത്താൻ, എന്തിനുവേണ്ടിയാണ് ഉപയോഗിക്കുന്നതെന്നതിനെ അടിസ്ഥാനമാക്കിയായിരിക്കുമെന്ന് കോടതികൾ വ്യക്തമാക്കിയിട്ടുണ്ട്. നിങ്ങളുടെ ഫോൺ സംസാരം ആരെങ്കിലും റെക്കാഡ് ചെയ്ത് ദുരുപയോഗം ചെയ്യാൻ ശ്രമിച്ചെന്ന് മനസിലായാൽ അടുത്തുളള പൊലീസ് സ്റ്റേഷനിലോ സൈബർ പൊലീസ് യൂണിറ്റിലോ പരാതി നൽകാവുന്നതാണ്. കോൾ റെക്കാഡിംഗുകൾ, അവയുടെ സ്‌ക്രീൻഷോട്ടുകൾ, കോൾ വിവരങ്ങൾ എന്നിവ പരാതിയോടൊപ്പം സമർപ്പിച്ചാൽ കേസ് കുറച്ചുകൂടി ദൃഢമാകും. അതുപോലെ പരാതികൾ നാഷണൽ സൈബർ ക്രൈം പോർട്ടലിലും ഓൺലൈനായി സമർപ്പിക്കാവുന്നതാണ്.
കൂടുതൽ നിയമങ്ങൾ 1. ഐടി ആക്ടിലെ സെക്ഷൻ 66ഇ (2000) ഒരു വ്യക്തിയുമായുളള സ്വകാര്യ ഫോൺ സംഭാഷണങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ എന്നി അനുവാദമില്ലാതെ എടുക്കുകയാണെങ്കിൽ പരമാവധി മൂന്ന് വർഷം തടവിനും രണ്ട് ലക്ഷം രൂപ വരെ പിഴയൊടുക്കാനുമുളള നിയമമുണ്ട്.
2. ഭാരതീയ ന്യായ സംഹിതയിലെ 77-ാം വകുപ്പ് (2023) ഒരു സ്ത്രീയുമായുളള ഫോൺ സംസാരം അനുവാദമില്ലാതെ റെക്കാഡ് ചെയ്യുകയും അത് മറ്റുളളവരിലേക്ക് എത്തിക്കുന്നതും ക്രിമിനൽ കുറ്റമാണ്. അത് ഒരുവട്ടം ചെയ്താൽ മൂന്ന് വർഷം വരെ തടവിനും പിഴ അടക്കേണ്ടിയും വരും. ഈ കുറ്റം വീണ്ടും ആവർത്തിച്ചാൽ ഏഴ് വർഷം വരെ തടവ് ലഭിക്കും.
3. ഭാരതീയ നാഗരിക് സുരക്ഷ സംഹിതയിലെ 79-ാം വകുപ്പ് സ്ത്രീകളെ അപമാനിക്കുന്ന തരത്തിൽ തെറ്റായ വാക്കോ ആംഗ്യമോ ഉപയോഗിക്കുകയാണെങ്കിൽ അത് മൂന്ന് വർഷം വരെയുളള തടവിനും പിഴയൊടുക്കാനുമുളള കുറ്റമായി മാറും.
4. ഭാരതീയ നാഗരിക് സുരക്ഷ സംഹിതയിലെ 351-ാം വകുപ്പ് ഫോൺ സംസാരങ്ങളുടെ റെക്കാഡിംഗുകൾ മറ്റൊരു വ്യക്തിയെ ഭീഷണിപ്പെടുത്താൻ ശ്രമിക്കുന്നത് നിയമപരമായി കുറ്റമാണ്. പരമാവധി രണ്ട് വർഷം വരെ ശിക്ഷ ലഭിക്കും.
5. ഭാരതീയ നാഗരിക് സംഹിതയിലെ 356-ാം വകുപ്പ്. ഫോൺ സംസാരത്തിന്റെ റെക്കാഡിംഗുകളോ വീഡിയോകളോ ഒരു വ്യക്തിയെ അപമാനിക്കുകയെന്ന ഉദ്ദേശത്തോടെ ഉപയോഗിക്കുന്നത് രണ്ട് വർഷം വരെ തടവിനും പിഴ ഒടുക്കേണ്ടിയും വരും.
കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ മാത്രമേ ഫോൺ സംസാരം റെക്കാഡ്ചെയ്യാൻ അനുവദിക്കുകയുളളൂ. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട ഒരു വലിയ കുറ്റകൃത്യം തടയുന്നതിനോ ദേശവിരുദ്ധത അല്ലെങ്കിൽ തീവ്രവാദ പ്രവർത്തനങ്ങളെക്കുറിച്ചുള്ള രഹസ്യാന്വേഷണം ശേഖരിക്കുന്നതിനോ ആവശ്യമെങ്കിൽ മാത്രമേ അത്തരം അനുമതി അനുവദിക്കുകയുളളൂ.
സാമ്പത്തിക കുറ്റകൃത്യങ്ങൾ/നികുതി വെട്ടിപ്പ് എന്നിവ തുടക്കത്തിൽ ഫോണുകൾ ചോർത്തുന്നതിനുള്ള കാരണങ്ങളുടെ കീഴിൽ ഉൾപ്പെടുത്തിയിരുന്നുവെങ്കിലും, വ്യക്തിയുടെ സ്വകാര്യതയ്ക്ക് സംരക്ഷണം നൽകുമെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ 1999ൽ സർക്കാർ അത് പിൻവലിക്കുകയുണ്ടായി.