'ക്രിക്കറ്റ് താരങ്ങൾ   റോബോട്ടുകളല്ല   മനുഷ്യരാണ്, നിർവികാരതയോടെ കളിക്കാൻ കഴിയില്ല'

Thursday 13 November 2025 5:19 PM IST

കറാച്ചി: ക്രിക്കറ്റ് താരങ്ങൾ റോബോട്ടുകളല്ല മനുഷ്യരാണ് തങ്ങൾക്ക് നിർവികാരതയോടെ കളിക്കാൻ സാധിക്കില്ലെന്ന് പാകിസ്ഥാൻ പേസർ ഹാരിസ് റൗഫ്. ഏഷ്യാ കപ്പിലെ മോശം പ്രകടനങ്ങളുടെയും പെരുമാറ്റത്തിന്റെയും പേരിൽ ഉയർന്നു വന്ന വിമർശനങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, ഏഷ്യാ കപ്പിൽ ഇന്ത്യയ്‌ക്കെതിരായ മത്സരങ്ങളിൽ മോശമായി പെരുമാറിയതിനെത്തുടർന്ന് രണ്ട് മത്സരങ്ങളിൽ താരത്തിന് വിലക്ക് നേരിടേണ്ടി വന്നിരുന്നു. ഇത് സംബന്ധിച്ച ചോദ്യങ്ങളോട് താരം വൈകാരികമായിട്ടാണ് പ്രതികരിച്ചത്.

'എല്ലാ മനുഷ്യരെയും പോലെ വാശിയും ദേഷ്യവുമൊക്കെ എനിക്കുമുണ്ട്. ചിലപ്പോൾ പ്രകടനം മോശമായേക്കാം, എങ്കിലും അടുത്ത മത്സരത്തിൽ മികച്ച രീതിയിൽ തിരിച്ചുവരാനാണ് ശ്രമിക്കുന്നത്,' റൗഫ് പറയുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിൽ താരങ്ങൾ നേരിടുന്ന കടുത്ത സമ്മർദ്ദത്തെക്കുറിച്ചും റൗഫ് സംസാരിച്ചു.

'ഞങ്ങൾക്ക് മാപ്പില്ല. തെറ്റുകളിൽ തിരുത്തി മുന്നോട്ട് പോകുക മാത്രമാണ് വഴി. പക്ഷേ ഒരു പ്രൊഫഷണൽ ക്രിക്കറ്റർ എന്ന നിലയിൽ ഞങ്ങൾക്കും മോശം ദിവസങ്ങൾ ഉണ്ടാകും. 10 നല്ല പ്രകടനങ്ങൾ കാഴ്ചവച്ചാലും ഒരു മോശം മത്സരം ഉണ്ടായാൽ ആളുകൾ അതിനെക്കുറിച്ച് മാത്രമായിരിക്കും ചർച്ച ചെയ്യുക' റൗഫ് കൂട്ടിച്ചേർത്തു.