'എല്ലാവരുടെ ജീവിതത്തിലും ഒരു വിജയ് ദേവരകൊണ്ട ആവശ്യമാണ്, കാരണം അത് ഒരനുഗ്രഹമാണ്';- കണ്ണുനിറഞ്ഞ് രശ്‌മിക

Thursday 13 November 2025 6:34 PM IST

ആരാധകർക്ക് ഏറെ പ്രിയപ്പെട്ട തെന്നിന്ത്യൻ താരമാണ് രശ്‌മിക മന്ദാന. നിലവിൽ, തന്റെ ഏറ്റവും പുതിയ ചിത്രമായ ദി ഗേൾ ഫ്രണ്ടിന്റെ വിജയാഘോഷങ്ങളുടെ തിരക്കിലാണ് താരം. സിനിമയുടെ വിജയം ആസ്വദിക്കുന്നതിനൊപ്പം ജീവിതത്തിലും താൻ ഏറെ സന്തോഷവതിയാണെന്ന് തെളിയിക്കുകയാണ് രശ്‌മിക മന്ദാന.

വെള്ളിത്തിരയിൽ പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട തെന്നിന്ത്യൻ താരജോഡികളാണ് രശ്‌മികയും വിജയ്‌ ദേവരകൊണ്ടയും. ജീവിതത്തിലും ഇരുവരും ഒന്നിക്കാൻ പോകുകയാണെന്ന് ആരാധകർ അറിഞ്ഞത് ഒക്‌‌ടോബർ മൂന്നിന് നടന്ന വിവാഹ നിശ്ചയത്തിലൂടെയാണ്. ശേഷം ഇരുവരും ഒന്നിച്ച് ഒരു പൊതു പരിപാടിയിൽ എത്താൻ കാത്തിരിക്കുകയായിരുന്നു ആരാധകർ.

'ഗേൾ ഫ്രണ്ട്' എന്ന ചിത്രത്തിന്റെ വിജയാഘോഷത്തിന്റെ ഭാഗമായി ഹൈദരാബാദിൽ സംഘടിപ്പിച്ച ചടങ്ങിൽ ഇരുവരും ഒന്നിച്ചെത്തിയിരിക്കുകയാണ്. ചടങ്ങിൽ വിജയ് ദേവരകൊണ്ടയെക്കുറിച്ച് വൈകാരികമായി സംസാരിക്കുകയാണ് രശ്‌മിക. അദ്ദേഹത്തെ പോലൊരാളെ പങ്കാളിയായി കിട്ടുന്നത് അനുഗ്രഹമാണെന്നും എല്ലാവരുടെ ജീവിതത്തിലും അദ്ദേഹത്തെപ്പോലൊരാൾ ആവശ്യമാണെന്നുമാണ് രശ്മിക പറഞ്ഞത്. അതു പറയുമ്പോൾ സന്തോഷത്താൽ താരത്തിന്റെ കണ്ണ് നിറഞ്ഞിരുന്നു.

'വിജ്ജു, നീ തുടക്കം മുതൽ ഈ സിനിമയുടെ ഭാഗമാണ്. റിലീസ് ചെയ്യുന്നതുവരെയുള്ള സിനിമയുടെ വിജയത്തിലും നീ പങ്കാളിയാണ്. ഈ യാത്രയിൽ നീ വ്യക്തിപരമായി പങ്കാളിയായിരുന്നു എന്നത് മറക്കാൻ പാടില്ല. എനിക്കറിയില്ല, എല്ലാവരുടെയും ജീവിതത്തിൽ ഒരു വിജയ് ദേവരകൊണ്ട ഉണ്ടാകുമെന്ന് എനിക്ക് പ്രതീക്ഷിക്കാം. കാരണം അതൊരു അനുഗ്രഹമാണ്. നന്ദി' രശ്മിക പറഞ്ഞു.

ഗീതാ ഗോവിന്ദം എന്ന ചിത്രം മുതൽ തന്നെ രശ്‌മികയും ചിത്രത്തിലെ നായകനായിരുന്ന വിജയ് ദേവരകൊണ്ടയും തമ്മിൽ പ്രണയത്തിലാണെന്ന വാർത്തകൾ പ്രചരിച്ചിരുന്നത്. എന്നാൽ വിവാഹ നിശ്ചയം വരെയും വാർത്തകളെ പരസ്യമായി അംഗീകരിക്കാൻ ഇരുവരും തയ്യാറായിരുന്നില്ല.