വിമാന ദുരന്തം: ആരുടെയെങ്കിലും മേൽ കുറ്റം ചാർത്തരുതെന്ന് സുപ്രീംകോടതി

Friday 14 November 2025 2:02 AM IST

ന്യൂഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ ആരുടെയെങ്കിലും മേൽ കുറ്റം ചാർത്താനാകരുത് അന്വേഷണമെന്ന് സുപ്രീംകോടതി. ഭാവിയിൽ ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ, സംഭവത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തുകയാണ് വേണ്ടതെന്നും വ്യക്തമാക്കി. സ്വതന്ത്ര ജുഡിഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ക്യാപ്റ്റൻ സുമീത് അഗർവാളിന്റെ പിതാവ് പുഷ്‌കരാജ് സബർവാൾ അടക്കം സമർപ്പിച്ച ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി.

പൈലറ്റിനെ ഉന്നമിട്ടാണ് എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ (എ.എ.ഐ.ബി)​ അന്വേഷണം നീങ്ങുന്നതെന്ന് പിതാവ് പരാതിപ്പെട്ടിരുന്നു. ഹർജികളിൽ കേന്ദ്രസർക്കാരിനും ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനും (‌‌ഡി.ജി.സി.എ) നോട്ടീസ് അയച്ചു.