ജെയ്‌ഷെ വനിതാ വിഭാഗത്തിൽ പുൽവാമ സൂത്രധാരന്റെ ഭാര്യയും

Friday 14 November 2025 2:04 AM IST

ന്യൂഡൽഹി: ഡൽഹി സ്‌ഫോടനത്തിന് ആഴ്ചകൾക്ക് മുൻപ്, പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ പാക് ഭീകരന്റെ ഭാര്യ ജെയ്‌ഷെ മുഹമ്മദിന്റെ വനിതാ വിഭാഗത്തിൽ ചേർന്നതായി റിപ്പോർട്ടുകൾ. ജമ്മു കാശ്‌മീരിലെ ദാച്ചിഗം ദേശീയ ഉദ്യാന മേഖലയിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഉമർ ഫാറൂഖിന്റെ ഭാര്യ അഫീറ ബീബിയാണ് ജമാഅത്തുൽ മൊമിനാത്തിൽ ചേർന്നത്. ജെയ്ഷെ ടോപ് കമാൻഡർ ആയിരുന്നു ഉമർ ഫാറൂഖ്. 2019 ഫെബ്രുവരി 14ന് പുൽവാമയിൽ നടത്തിയ ആക്രമണത്തിന്റെ മുഖ്യ ആസൂത്രകൻ. 40 സി.ആർ.പി.എഫ് ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ഇതിനു പിന്നാലെയായിരുന്നു ദാച്ചിഗം മേഖലയിലെ ഏറ്റുമുട്ടൽ. അഫീറ ബീബി ജമാഅത്തുൽ മൊമിനാത്തിന്റെ ഷൂറ (ഉപദേശക സമിതി) അംഗമായിട്ടാണ് ചേർന്നിരിക്കുന്നതെന്ന വിവരമാണ് ഏജൻസികൾക്ക് ലഭിച്ചിരിക്കുന്നത്.