ഇന്ത്യയിലെ ഈ നഗരത്തില്‍ ട്രാഫിക് സിഗ്നലുകളില്ല; പകരം ഉപയോഗിക്കുന്നത് മറ്റൊരു സംവിധാനം

Thursday 13 November 2025 8:15 PM IST

ഒരു സ്ഥലത്തേക്ക് യാത്ര പുറപ്പെടുമ്പോള്‍ സാധാരണഗതിയില്‍ പുറപ്പെടേണ്ട സമയത്തിലും നേരത്തെ പുറപ്പെടാറുണ്ട്. അതിന് കാരണം ഗതാഗതക്കുരുക്കില്‍പ്പെടാതെ നേരത്തെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരണമെന്ന ഉദ്ദേശമാണ്. നമ്മുടെ നാട്ടിലെ ചെറുപട്ടണങ്ങളില്‍പ്പോലും പലപ്പോഴും ഗതാഗതക്കുരുക്ക് അനുഭവപ്പെടാറുണ്ട്. ഗതാഗതം താറുമാറാകാതിരിക്കാന്‍ ട്രാഫിക് സിഗ്നലുകള്‍ വലിയ അളവില്‍ സഹായകമാണ്. വാഹനപ്പെരുപ്പം അതിരൂക്ഷമായ നമ്മുടെ രാജ്യത്തെ റോഡുകളില്‍ ട്രാഫിക് സിഗ്നലുകള്‍ ഇല്ലായിരുന്നെങ്കിലോ? എന്നാല്‍ അങ്ങനെയും ഒരു നഗരം നമ്മുടെ നാട്ടിലുണ്ട്.

രാജസ്ഥാനിലെ കോട്ട ആണ് ഇന്ത്യയിലെ ആദ്യത്തെ സിഗ്നല്‍ രഹിത നഗരം. ഇത്തരത്തിലൊരു സംവിധാനം ഏര്‍പ്പെടുത്തിയതിന് പിന്നില്‍ ചില ലക്ഷ്യങ്ങളുമുണ്ട്. തടസ്സമില്ലാതെയുള്ള ഗതാഗതം ഉറപ്പാക്കുന്നതിനൊപ്പം നിരത്തുകളിലെ കാത്തിരിപ്പ് ഒഴിവാക്കുക, വാഹനങ്ങളിലെ ഇന്ധനച്ചെലവ് കുറയ്ക്കുക, റോഡിലെ തിരക്ക് ഇല്ലാതാക്കുക തുടങ്ങിയവയാണ് റെഡ് സിഗ്‌നല്‍ ഒഴിവാക്കുകയെന്ന ആശയത്തിലൂടെ ലക്ഷ്യമിടുന്നത്.

ഗതാഗതക്കുരുക്കുണ്ടാകാതെ ഈ സംവിധാനം വിജയിപ്പിച്ചെടുക്കാന്‍ അധികാരികള്‍ ആദ്യം ചെയ്തത് തിരക്കുള്ള മേഖലകളെ റിംഗ് റോഡുകളുമായി ബന്ധിപ്പിക്കുകയെന്നതാണ്. ജനസാന്ദ്രത കുറവുള്ള മേഖലകളെയാണ് ഇതിനായി തിരഞ്ഞെടുത്തത്. ജംങ്ഷനുകളില്‍ വാഹനങ്ങളുടെ തടസ്സമില്ലാതെയുള്ള യാത്രകള്‍ ഉറപ്പാക്കുന്നതിനായി ഫ്ളൈഓവറുകളും അണ്ടര്‍പാസുകളും നിര്‍മ്മിച്ചു.

സ്ഥലസൗകര്യമുള്ള പ്രദേശങ്ങളില്‍ റോട്ടറി ഇന്റര്‍സെക്ഷനുകള്‍ സ്ഥാപിച്ചതും സിഗ്‌നല്‍ ഒഴിവാക്കുന്നതില്‍ സഹായിച്ചിട്ടുണ്ട്. വാഹനങ്ങള്‍ റോഡിലേക്ക് പ്രവേശിക്കുന്നതിന്റെയും പുറത്തേക്ക് പോകുന്നതിന്റെയും വേഗത നിയന്ത്രിക്കുന്നതിനായി റൗണ്ട് എബൗട്ടുകള്‍ സ്ഥാപിച്ചു. നിരത്തുകളില്‍ കൂടുതല്‍ വാഹനങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനായി റോഡിന്റെ വീതി വര്‍ധിപ്പിച്ചിട്ടുണ്ട്. റോഡിലൂടനീളം ദിശാബോര്‍ഡുകള്‍ നല്‍കിയിരിക്കുന്നത് ഡ്രൈവര്‍മാര്‍ക്ക് സഹായകമാണ്.