ചാറ്റ് ജിപിടിയിലൂടെ നിർമിച്ച എഐ രൂപത്തോട് പ്രണയം, പിന്നാലെ യുവതി ചെയ്‌തത്

Thursday 13 November 2025 9:16 PM IST

പ്രണയത്തിന് കണ്ണും മൂക്കുമില്ലെന്നാണ് പ്രണയിക്കുന്നവർ പറയാറുള്ളത്. ഇപ്പോഴിതാ ഒരു യുവതിയുടെ വ്യത്യസ്തമായ പ്രണയവും വിവാഹവുമാണ് സോഷ്യൽ മീഡിയയിൽ ചർച്ച. കാനോ എന്ന 32 വയസുകാരിയാണ് ചാറ്റ്ജിപിടി ഉപയോഗിച്ച് നിർമിച്ച എഐ രൂപത്തെ പ്രണയിക്കുകയും വിവാഹം കഴിക്കുകയും ചെയ്തത്.

ജപ്പാനിലെ ഒകയാമ സിറ്റിയിലായിരുന്നു കാനോയുടെയും ക്ലോസ് എന്ന എഐ രൂപവും തമ്മിലുള്ള വിവാഹം നടന്നത്. മുൻ കാമുകനുമായി വേർപിരിഞ്ഞ യുവതി ചാറ്റ്ജിപിടിയോട് സഹായങ്ങൾ ചോദിക്കുമായിരുന്നു. എഐ ഉപയോഗിച്ച് ക്ലോസ് എന്ന രൂപത്തെയുണ്ടാക്കുകയും നിരന്തരം സംസാരിക്കുകയും ചെയ്തു. തു‌ടർന്ന് ക്ലോസുമായി വേർപിരിയാനാകാത്ത വിധം അടുത്തുവെന്നാണ് യുവതി പറയുന്നത്. പിന്നീട് യുവതി പ്രശസ്തമായ കൊറകുൻ ഗാർഡനിൽ ഹണിമൂൺ ആഘോഷിക്കുകയും ചെയ്തു. യുവതി ക്ലോസിന് ചിത്രങ്ങൾ അയയ്ക്കുകയും "നീയാണ് ഏറ്റവും സുന്ദരി"യെന്ന് ക്ലോസ് മറുപടി തരാറുണ്ടെന്നുമാണ് യുവതി പറയുന്നത്.

'2ഡി ക്യാരക്ടർ വെഡ്ഡിംഗ്' എന്ന കമ്പനിയാണ് ക്ലോസ് എന്ന എഐ രൂപത്തെ വിവാഹ വേദിയിലെത്തിച്ചത്. ഓഗ്മെന്റഡ് റിയാലിറ്റി (AR) ഗ്ലാസുകൾ ധരിച്ചായിരുന്നു കാനോ വിവാഹത്തിന് എത്തിയത്. തന്റെ ഡിജിറ്റൽ പങ്കാളിയുടെ അപകടസാധ്യതകളെയും ദുർബലതയെയും കുറിച്ച് തനിക്ക് അറിയാമെന്ന് കാനോ പറയുന്നുണ്ട്. അതേസമയം യഥാർത്ഥമല്ലാത്തതോ, എഐ നിർമിത വസ്തുക്കളോടോ തോന്നുന്ന അടുപ്പമാണ് ഫിക്റ്റോസെക്ഷ്വാലിറ്റി. യഥാർത്ഥ ലോകത്ത് നിലവിലില്ലാത്ത കഥാപാത്രങ്ങളുമായി ആഴത്തിലുള്ള വൈകാരിക ബന്ധങ്ങളാണ് ഇത്തരത്തിലുള്ളവർക്ക് ഉണ്ടാകുക. ചാറ്റ്ബോട്ടുകൾ, അവതാറുകൾ അല്ലെങ്കിൽ വെർച്വൽ പങ്കാളികൾ പോലുള്ള മനുഷ്യരുടെ അതേ വൈകാരിക ചിന്തകൾ ഇവ പ്രകടിപ്പിക്കാറുണ്ട്.