കിടക്കയിൽ പോലും എനിക്ക് ഇടമില്ല, ഭാര്യക്ക് നായ്ക്കളെ മതി, ലൈംഗിക ശേഷിയെ വരെ ബാധിച്ചു ; വിവാഹ മോചനം തേടി യുവാവ്
ന്യൂഡൽഹി: തെരുവ് നായ്ക്കളോട് ഭാര്യക്കുള്ള അമിത സ്നേഹം കാരണം ജീവിതം ദുരന്ത പൂർണമായെന്ന് ആരോപിച്ച് വിവാഹ മോചന ഹർജി നൽകി യുവാവ്. ഗുജറാത്ത് ഹൈക്കോടതിയിലാണ് 41കാരൻ ഹർജി നൽകിയത്. 2006ലാണ് അഹമ്മദാബാദ് സ്വദേശിയായ യുവാവിന്റെ വിവാഹം. മൃഗ സംരക്ഷണ പ്രവർത്തകയാണ് ഭാര്യ. നായ്ക്കളെ വളർത്താൻ അനുവാദമില്ലാത്ത ഹൗസിംഗ് സൗസൈറ്റിയിലെ ഫ്ലാറ്റിലേക്ക് ഭാര്യ തെരുവ് നായ്ക്കളെ കൊണ്ടു വന്നതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമെന്ന് യുവാവ് ഹർജിയിൽ പറയുന്നു.
പിന്നാലെ ഭാര്യ പിന്നെയും തെരുവ് നായ്ക്കളെ കൊണ്ടുവന്നു, കിടക്കയിൽ പോലും ഇടം ലഭിക്കുന്നില്ല. പകരം ഭാര്യ അവിടെയും പാർപ്പിക്കുന്നത് തെരുവ് നായ്ക്കളെയാണ്. ഒരിക്കൽ തനിക്ക് കിടക്കാനായി തെരുവ് നായ്ക്കളെ കിടക്കയിൽ നിന്ന് ഓടിക്കാൻ നോക്കിയപ്പോൾ അവയുടെ കടിയേൽക്കേണ്ടി വന്നു. 2006ൽ വിവാഹം കഴിച്ചതു മുതൽ ഇതനുഭവിക്കുകയാണ്, ഇനി വയ്യ, വിവാഹമോചനം വേണമെന്നും യുവാവ് കോടതിയോട് ആവശ്യപ്പെട്ടു. തന്നോട് ലൈംഗിക ബന്ധത്തിനും ഭാര്യക്ക് താത്പര്യമില്ല, ഇത് മാനസിക വിഷമത്തിനും കാരണമായി, ലൈംഗിക ശേഷിയെ വരെ ബാധിച്ചെന്നും ഹർജിയിൽ പറയുന്നു.
തെരുവ് നായ്ക്കളുടെ സാന്നിദ്ധ്യം അയൽക്കാരുമായുള്ള ബന്ധം വഷളാക്കിയെന്നും ഹർജിയിലുണ്ട്. പൊലീസിൽ അയൽക്കാർ പലതവണ പരാതി നൽകി. പൊലീസ് സ്റ്റേഷനിൽ കൂടെ ചെല്ലാത്തതിന്ത ഭാര്യ തന്നെ അപമാനിച്ചുവെന്നും യുവാവ് ആരോപിച്ചു. തനിക്ക് അവിഹിത ബന്ധമുണ്ടെന്ന് ഭാര്യ പ്രചരിപ്പിച്ചു. പിന്നീട് ബംഗളുരുവിലേക്ക് മാറിയെങ്കിലും ഭാര്യ ഉപദ്രവം തുടർന്നു. 2017ൽഅഹമ്മദാബാദിലെ കുടുംബ കോടതിയിൽ വിവാഹ മോചന ഹർജി നൽകിയെങ്കിലും അനുവദിക്കപ്പെട്ടില്ല. ഇതിന് പിന്നാലെയാണ് യുവ്വാ ഹൈക്കോടതിയെ സമീപിച്ചത്. ഹർജി ഡിസംബർ ഒന്നിന് കോടതി വീണ്ടും പരിഗണിക്കും.