കോളേജില്‍ പഠിക്കുമ്പോള്‍ത്തന്നെ ജോലി ലഭിച്ചു; ശമ്പളമായി ലഭിക്കുക 1.27 കോടി രൂപ
ഹൈദരാബാദ്: പഠനം പൂര്‍ത്തിയാക്കിയാല്‍ ഉടനെ തന്നെ ഒരു ജോലിയെന്നത് പലരുടേയും സ്വപ്‌നമാണ്. ചിലര്‍ക്ക് ഉടനടി ജോലി ലഭിക്കുമ്പോള്‍ മറ്റ് ചിലര്‍ക്ക് ഒരു ചെറിയ ജോലിയെങ്കിലും ലഭിക്കാന്‍ നിരവധി അഭിമുഖകങ്ങളില്‍ പങ്കെടുക്കേണ്ടി വരും. എന്നാല്‍ പഠനത്തിനിടെ നടന്ന ക്യാമ്പസ് സെലക്ഷനില്‍ രണ്ട് മിടുക്കന്‍മാര്‍ക്ക് ജോലി ലഭിച്ചത് കോടികളുടെ ശമ്പളത്തോടെയാണ്. തെലങ്കാനയിലാണ് സംഭവം. വാറങ്കല്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ അദ്ധ്യാപകരും സഹപാഠികളും ഇതിന്റെ സന്തോഷത്തിലാണ്.
2025-26 അധ്യയന വര്‍ഷത്തിലെ ക്യാമ്പസ് റിക്രൂട്ട്‌മെന്റിലാണ് കോളേജിലെ രണ്ട് മിടുക്കന്‍മാര്‍ ഉയര്‍ന്ന ശമ്പളത്തോടെ ജോലിയില്‍ പ്രവേശിക്കാന്‍ ഒരുങ്ങുന്നത്. പതിവ് പോലെ വിവിധ കമ്പനികളില്‍ നിന്ന് നിയമന ഉത്തരവ് വന്നിരുന്നു, എന്നാല്‍ അപ്രതീക്ഷിതമായിട്ടാണ് രണ്ട് പേര്‍ക്ക് വലിയ ശമ്പളത്തോടെയുള്ള ജോലി ലഭിച്ചത്. ബിടെക് കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിങ് (സിഎസ്ഇ) വിദ്യാര്‍ത്ഥിയായ നാരായണ്‍ ത്യാഗിക്കും ബിടെക് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് (ഇഇഇ) വിദ്യാര്‍ത്ഥിയായ മുഹമ്മദ് നഹില്‍ നഷ്വാനുമാണ് കൂടുതല്‍ ശമ്പളം ലഭിക്കുന്ന ജോലി കരസ്ഥമാക്കിയത്.
1.27 കോടി രൂപയുടെ വാര്‍ഷിക പാക്കേജുള്ള ജോലിയാണ് നാരായണ്‍ ത്യാഗിക്ക് ലഭിച്ചത്. നഹില്‍ നഷ്വാനാകട്ടെ ഒരു കോടിയുടെ ഓഫറും. ഉത്തര്‍പ്രദേശിലെ നോയിഡ സ്വദേശിയാണ് നാരായണ്‍ ത്യാഗി. അച്ഛന്‍ എഞ്ചിനീയറും അമ്മ അദ്ധ്യാപികയുമാണ്. കുടുംബത്തിന്റെ പിന്തുണയും പ്രോത്സാഹനവും കൊണ്ടാണ് താന്‍ ഇവിടെ വരെ എത്തിയതെന്ന് നാരായണ്‍ ത്യാഗി പറഞ്ഞു. ഇനി അങ്ങോട്ട് വിവിധ മേഖലകളില്‍ പഠനം തുടരുകയും പര്യവേക്ഷണം നടത്തുകയും ചെയ്യണമെന്നാണ് ആഗ്രഹമെന്നും നാരായണ്‍ പറയുന്നു.