ഡൽഹി സ്ഫോടനത്തിന് പിന്നിൽ ദുബായ് കണക്ഷനും,​ ഭീകര ബന്ധമുള്ളവർ പാകിസ്ഥാനും സന്ദർശിച്ചു

Thursday 13 November 2025 11:56 PM IST

ന്യൂഡൽഹി: ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപം 13 പേരുടെ മരണത്തിനിടയാക്കിയ കാർ ബോംബ് സ്ഫോടനത്തിന്റെ കണ്ണികൾക്ക് പാകിസ്ഥാനിലും ദുബായിലും ബന്ധമുണ്ടെന്ന് കണ്ടെത്തിൽ. ദുബായിൽ താമസിക്കുന്ന ചിലർക്ക് ബോംബ് സ്ഫോടനുമായി ബന്ധുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു. ശ്രീനഗറിൽ അറസ്റ്റിലായ ഡോ,​ ആദിൽ അഹമ്മദ് റാത്തറിനെ ചോദ്യം ചെയ്തപ്പോഴാണ് ഇവരെക്കുറിച്ചുള്ള വിവരം ലഭിച്ചത്. ബോംബ് സ്ഫോടനുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ചിലർ തുർക്കിയിലും പാകിസ്ഥാനിലും താമസിച്ചിരുന്നു എന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.

സഹോദരൻ മുസാഫർ റാത്തർ ദുബായിൽ എത്തുന്നതിന് രണ്ടു മാസം മുൻപ് പാകിസ്ഥാൻ സന്ദർശിച്ചിരുന്നതായി ആദിൽ അഹമ്മദ് റാത്തർ ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു. മുസാഫർ റാത്തറിന് ജയ്ഷെ മുഹമ്മദുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. പാകിസ്ഥാനിൽ മുസഫാർ റാത്തർ ആരെയൊക്കെ കണ്ടു എന്നതാണ് അന്വേഷിക്കുന്നത്. ഡോ. ആദിൽ അഹമ്മദ് അനന്ത് നാഗിൽലെ ഗവ. മെഡിക്കൽ കോളേജിൽ സീനിയർ റസിഡന്റ് ഡോക്ടറായി ജോലി ചെയ്തിരുന്നു എന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.

അതേസമയം സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ജമ്മു കാശ്മീരിലെ പുൽവാമ, കുൽഗാം, അനന്തനാഗ് ജില്ലകളിൽ നിന്നായി സർക്കാർ ജീവനക്കാരടക്കം 10 പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിനിടെ, ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട ഗൂഢാലോചനയുടെ ഉത്ഭവം തുർക്കിയിൽ നിന്നാണെന്ന മാധ്യമ വാർത്തകൾ നിഷേധിച്ച് തുർക്കി വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി.