ഫസൽ വധക്കേസ് പ്രതി കാരായി ചന്ദ്രശേഖരൻ സിപിഎം സ്ഥാനാർത്ഥി,​ തലശ്ശേരി നഗരസഭയിലേക്ക് മത്സരിക്കും

Friday 14 November 2025 12:41 AM IST

കണ്ണൂർ: ഫസൽ വധക്കേസ് പ്രതി കാരായി ചന്ദ്രശേഖരൻ തലശേരി നഗരസഭയിൽ സി.പി.എം സ്ഥാനാർത്ഥിയാകും. തലശേരി നഗരസഭ ചെള്ളക്കര വാർഡിലാണ് ചന്ദ്രശേഖരൻ മത്സരിക്കുന്നത്. 2015ൽ തലശേരി നഗരസഭാ ചെയർമാനായിരുന്നു കാരായി ചന്ദ്രശേഖരൻ. ഫസൽ വധക്കേസിൽ ഗൂഢാലോചനക്കുറ്റമാണ് ചന്ദ്രശേഖരനെതിരെ ചുമത്തിയത്. ജാമ്യ വ്യവസ്ഥ പ്രകാരം ജില്ലയിൽ പ്രവേശിക്കുന്നതിന് തടസം ഉണ്ടായതിനാൽ ചെയർമാൻ സ്ഥാനം രാജി വയ്ക്കുകയായിരുന്നു.

അതേസമയം പത്തനംതിട്ട നഗരസഭയിൽ മന്ത്രി വീണാ ജോർജിന്റെ മുൻ ഓഫീസ് സെക്രട്ടഖി തോമസ് പി. ചാക്കോ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കും. നഗരസഭയിലെ 31ാം വാർഡിൽ ആണ് തോമസ് പി. ചാക്കോ മത്സരിക്കുന്നത്. സി.പി.എം പ്രാദേശിക നേതാവായിരുന്ന തോമസ് ചാക്കോ പാർട്ടിയിലെ ഒരു വിഭാഗവുമായി ഇടഞ്ഞു നിൽക്കുകയായിരുന്നു. തുടർന്ന് പത്തനംതിട്ടയിലെ വീണാ ജോർജിന്റെ എം.എൽ.എ ഓഫീസിൽ നിന്ന് മാറ്റിയിരുന്നു.

കഴിഞ്ഞ ദിവസം വീണാ ജോർജിനെ പരിഹസിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് നടപടി നേരിട്ട സി.പി.എം നേതാവ് കോൺഗ്രസിൽ ചേർന്നിരുന്നു. പത്തനംതിട്ട ഇലന്തൂർ ലോക്കൽ കമ്മിറ്റി അംഗവും എസ്.എഫ്.ഐ മുൻ ജില്ലാ പ്രസിഡന്റുമായ പി.ജെ. ജോൺസൺ ആണ് കോൺഗ്രസിൽ ചേർന്നത്. മന്ത്രി എന്നല്ല, എം.എൽ.എ ആയിരിക്കാൻ പോലും വീണാ ജോർജിന് യോഗ്യത ഇല്ലെന്നായിരുന്നു ജോൺസന്റെ പോസ്റ്റ്. തുടർന്ന് ജോൺസണെ സി.പി.എമ്മിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു.