നിതീഷ് 'തുടരും'; ബീഹാറിൽ എൻഡിഎ തരംഗം, അടിപതറി ഇന്ത്യാ സഖ്യം, രണ്ടക്കം കടക്കാതെ കോൺഗ്രസ്
പാട്‌ന: ബീഹാറിൽ വോട്ടെണ്ണൽ ആരംഭിച്ച് മൂന്ന് മണിക്കൂർ പിന്നിടുമ്പോൾ എൻഡിഎ തേരോട്ടം തുടരുകയാണ്. പ്രതീക്ഷിച്ച സീറ്റുകളിൽപോലും ഇന്ത്യാ സഖ്യത്തിന് ലീഡ് തുടരാൻ കഴിഞ്ഞിട്ടില്ല. 60 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസിന് വെറും ഏഴ് സീറ്റുകളിൽ മാത്രമാണ് മുന്നേറാനായത്. രാഘോപുരിൽ തേജസ്വി യാദവ് ലീഡ് കുറഞ്ഞിട്ടുണ്ട്.
ആർജെഡിയുടെ ബലത്തിലാണ് ഇന്ത്യാ സഖ്യം പിടിച്ചുനിൽക്കുന്നത്. കോൺഗ്രസിന് വലിയ തിരിച്ചടിയാണ് ആദ്യഫലസൂചനകൾ പുറത്തുവരുമ്പോൾ ഉണ്ടായിരിക്കുന്നത്. ഇന്ത്യാ സഖ്യത്തിന്റെ ഉപമുഖ്യമന്ത്രി സ്ഥാനാർത്ഥി മുകേഷ് സാഹ്നിക്കും ലീഡ് ചെയ്യാനായിട്ടില്ല.
രണ്ട് ഘട്ടങ്ങളിലായാണ് ബീഹാറിലെ തിരഞ്ഞെടുപ്പ് പൂർത്തിയായത്. രണ്ടാംഘട്ട തിരഞ്ഞെടുപ്പ് കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു. അതിനുതൊട്ടുപിന്നാലെ തന്നെ എക്സിറ്റ് പോൾ ഫലങ്ങളും പുറത്തുവന്നിരുന്നു. ബീഹാറിൽ ബിജെപി- ജെഡിയു നേതൃത്തിലുള്ള മുന്നണി 130ലേറെ സീറ്റുകൾ നേടി അധികാരത്തിൽ തുടരുമെന്നാണ് ഭൂരിഭാഗം സർവേകളിലും പറഞ്ഞിരുന്നത്. 243 സീറ്റുകളുള്ള നിയമസഭയിൽ 122 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.
കോൺഗ്രസും ആർജെഡിയുമടക്കമുള്ള പാർട്ടികൾ ചേർന്ന മഹാസഖ്യം 100ലേറെ സീറ്റ് നേടുമെന്ന് നാല് എക്‌സിറ്റ് പോളുകൾ മാത്രമാണ് പ്രവചിച്ചത്. ആദ്യ തിരഞ്ഞെടുപ്പ് നേരിട്ട പ്രശാന്ത് കിഷോറിന്റെ ജൻ സുരാജിന് പരമാവധി അഞ്ച് സീറ്റ് ലഭിക്കാമെന്നാണ് ഈ സർവേകളിൽ. എന്നാൽ,ഒരു സീറ്റ് പോലും കിട്ടില്ലെന്ന് മറ്റു എക്‌സിറ്റ് പോളുകൾ പ്രവചിക്കുന്നു. ബീഹാറിലെ സ്ത്രീകളിൽ 65 ശതമാനവും എൻഡിഎയ്ക്കാണ് വോട്ട് ചെയ്തതെന്ന് മാട്രിസ് സർവേയിൽ പറയുന്നു. 27 ശതമാനം സ്ത്രീകൾ മഹാസഖ്യത്തിന് വോട്ട് ചെയ്തു. 2020ൽ 125 സീറ്റ് നേടിയാണ് എൻഡിഎ സഖ്യം ഭരണത്തിലെത്തിയത്. ഇന്ത്യാസഖ്യം നേടിയത് 110 സീറ്റും.