സഞ്ചാരികളുടെ ബസിന് നേരെ പാഞ്ഞടുത്ത് പുള്ളിപുലി, ബസിലെ യുവതിക്ക് പരിക്ക്

Friday 14 November 2025 1:55 PM IST

ബംഗളൂരു: ക‌ർണാടകയിലെ ബന്നാർഘട്ട ബയോളജിക്കൽ പാർക്കിലെ (ബിബിപി) സഫാരി യാത്രയ്ക്കിടെ പുള്ളിപ്പുലി ആക്രമണം. അപ്രതീക്ഷിത ആക്രമണത്തിൽ ബസിലുണ്ടായിരുന്ന യാത്രക്കാരിയ്ക്ക് പരിക്കേറ്റു. കർണാടക സംസ്ഥാന ടൂറിസം വികസന കോർപ്പറേഷൻ നടത്തുന്ന നോൺ-എസി സഫാരി ബസ് പുള്ളിപ്പുലി സഫാരിയിലേക്ക് പ്രവേശിച്ചപ്പോഴായിരുന്നു സംഭവം.

വിനോദയാത്രാ സംഘത്തിലുണ്ടായിരുന്ന വാഹിത ബാനുവിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. ജനാലയ്ക്കരികിൽ ആയിരുന്നു വാഹിത ബാനു ഇരുന്നത്. ബസിന്റെ ജനാല വഴി പുള്ളിപ്പുലി ആക്രമിക്കാൻ ശ്രമിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. സ്ത്രീയുടെ വസ്ത്രത്തിന്‍റെ ഒരു ഭാഗം പുലി കീറിയെടുത്തു. ഇവരുടെ ഇടത് കൈയ്ക്ക് പുലി നഖം കൊണ്ട് സാരമായ മുറിവേൽക്കുകയും ചെയ്തു. യുവതിയെ ഉടൻ ആശുപത്രിയിലേക്ക് മാറ്റിയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പുള്ളിപ്പുലിയുടെ ആക്രമണ സ്വഭാവത്തെക്കുറിച്ച് എല്ലാ സഫാരി ഡ്രൈവർമാർക്കും നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. അധിക സുരക്ഷാ നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകിയിരുന്നുവെന്നും ബിബിപി എക്സിക്യൂട്ടീവ് ഡയറക്ടർ എ വി സൂര്യ സെൻ പറഞ്ഞു.

സ്ത്രീയെ അക്രമിച്ച പുലിയ്ക്ക് മുന്നേ പരിക്കേറ്റിട്ടുണ്ടെന്നാണ് കമന്റുകളിലുള്ളത് . മൃഗങ്ങൾക്ക് ഭക്ഷണം നല്‍കുന്നതും സന്ദർശകരുടെ യാത്രാ സുരക്ഷയെ കുറിച്ചുള്ള സംശയങ്ങളും ഉയർന്നു വന്നിട്ടുണ്ട്. അതേസമയം മൂന്ന് മാസത്തിനിടെ പുള്ളിപ്പുലിയുമായി ബന്ധപ്പെട്ട രണ്ടാമത്തെ സംഭവമാണിത്. മറ്റൊരു സഫാരി ബസിലെ ജനൽ ഗ്രില്ലുകളിൽ പുള്ളിപ്പുലി നഖം ഉരച്ചപ്പോൾ 12 വയസ്സുള്ള ആൺകുട്ടിക്കും പോറലുകൾ സംഭവിച്ചിരുന്നു.