നാടകം കാണാൻ എത്തിയാൽ സമ്മാനം ഉണ്ണിയപ്പം, ഉണ്ടാക്കിയത് 5000 എണ്ണം

Friday 14 November 2025 4:42 PM IST

മാണിയാട്ട്( കാസർകോട്): ഇതാണ് മാണിയാട്ടിന്റെ സംഘബലം. ഇന്ന് നാടകത്തിന്റെ ഉദ്ഘാടന ദിവസം വന്നെത്തുന്ന നാടക പ്രേമികൾക്ക് നല്കാൻ വനിത കൂട്ടായ്മ്മ ഉണ്ടാക്കിയത് 5000 ഉണ്ണിയപ്പം. ഇതൊരു ചരിത്രമാണ്, മാണിയാട്ട് നാടിന്റെ ചരിത്രം. ഗ്രാമീണ നാടക ചരിത്രത്തിൽ തിളക്കമാർന്ന അദ്ധ്യായമായി എഴുതി ചേർക്കാൻ പറ്റുന്നതാണ് വനിതകളുടെ ഈ കൂട്ടായ്മയും ഉണ്ണിയപ്പം നിർമ്മാണവും.

മാണിയാട്ട് റോഡരുകിൽ അടുപ്പ് കൂട്ടി എണ്ണ തിളപ്പിച്ച് ഉണ്ണിയപ്പം ചുട്ടെടുത്ത ചരിത്രം മഹനീയമാണ്. മാണിയാട്ട് ഗ്രാമത്തിലെ വനിതകൾ ഒന്നടങ്കം ഉണ്ണിയപ്പം ചുടാൻ എത്തി എന്നതാണ് അതിലേറെ സവിശേഷത. കോറസ് കലാസമിതിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ 11 വർഷവും എൻ.എൻ പിള്ള നാടക മത്സരം കാണാൻ എത്തുന്ന പ്രേക്ഷകർക്ക് വനിതാകമ്മിറ്റി നാടിന്റെ പൈതൃകം ഉൾക്കൊള്ളുന്ന പലഹാരങ്ങൾ നൽകിയാണ് സ്വീകരിച്ചിരുന്നത്.

നാടക മത്സരം സംഘാടക സമിതി ചെയർമാൻ ഉദിനൂർ ബാലഗോപാലൻ, ജനറൽ കൺവീനർ ടി.വി ബാലൻ, കൺവീനർ സി. രാജേഷ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ ഇ.ഷിജോയ്, വനിതാ കമ്മിറ്റി പ്രസിഡന്റ് പി.ടി അനിത, സെക്രട്ടറി ഹേന തമ്പാൻ, ഷീജ ഹരി, കെ. തങ്കമണി, ഗിരിജ നന്ദൻ, പി.കെ ലീല, സി.ഓമന തുടങ്ങിയവർ.

നാടക ജ്യോതി പ്രയാണം ഇന്ന് നാടക മത്സരത്തിന് മുന്നോടിയായി ഇന്ന് വൈകുന്നേരം മൂന്നുമണിക്ക് നാടക ജ്യോതി പ്രയാണം തുടങ്ങി. വൈകിട്ട് സിനിമാതാരം പി.കുഞ്ഞികൃഷ്ണൻ നാടക ജ്യോതി ഏറ്റുവാങ്ങും. തുടർന്ന് പ്രത്യേകം തയ്യാറാക്കിയ വേദിയിൽ ജ്യോതി തെളിയിക്കും.