വജ്രായുധമാകാൻ പാരഡി; മുന്നിൽ വേടന്റെ പാട്ടുകൾ
കൊച്ചി: സ്വന്തം സ്ഥാനാർത്ഥിയെ പുകഴ്‌ത്താനും എതിരാളികളെ ഇകഴ്‌ത്താനും തദ്ദേശ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയക്കാരുടെ വജ്രായുധം പാരഡിപ്പാട്ട്. എറണാകുളത്തെ റെക്കാഡിംഗ് സ്റ്റുഡിയോകളെല്ലാം പാരഡികളുടെ പണിപ്പുരയിലാണ്. സ്ഥാനാർത്ഥി പ്രഖ്യാപനം കഴിഞ്ഞ സ്ഥലങ്ങളിൽ നിന്നാണ് ആദ്യ ഓർഡറുകൾ.
വേടന്റെ 'കടലമ്മ", "കുതന്ത്ര തന്ത്ര മന്ത്രമൊന്നും അറിയില്ലെടാ" എന്നീ പാട്ടുകൾക്കാണ് കൂടുതൽ ആവശ്യക്കാർ. അതോടൊപ്പം ഓണംമൂഡ്, മോണിക്ക ബലൂച്ചി, മിന്നൽവള, അർമാദം, കൊണ്ടാട്ടം, ഇല്ലൂമീനാറ്റി, കിളിയേ കിളിയേ (ലോക) തുടങ്ങിയവയുടെ പാരഡികൾക്കും നല്ല ഡിമാൻഡാണ്. ഏത് പാട്ടിന്റെയും പശ്ചാത്തലസംഗീതം കരോക്കെയായി കിട്ടുന്നതിനാൽ അനുയോജ്യമായ വരികൾ എഴുതി പാടിയാൽ മതി.
സ്ഥാനാർത്ഥിയുടെ ഗുണഗണങ്ങളും എതിരാളിയുടെ കുറ്റവും കുറവും മുതൽ അഴിമതിയും സ്വജനപക്ഷപാതവുംവരെ പാട്ടിൽ പ്രതിഫലിക്കും. ഉച്ചഭാഷിണിയിലെ നിരന്തരമുള്ള വിളംബരത്തിനിടയ്‌ക്കും സമ്മേളന വേദികളിലും എല്ലാവരെയും ആകർഷിക്കുന്നത് പാരഡിയാണ്.
ശബരിമലയിലെ സ്വർണക്കവർച്ചയും ആശമാരുടെ സമരവുമൊക്കെ പ്രതിപക്ഷ പാർട്ടികൾ ആയുധമാക്കുമ്പോൾ, വിഴിഞ്ഞവും ക്ഷേമപെൻഷനും വീട്ടമ്മമാർക്കുള്ള പ്രതിമാസ ധനസഹായവുമൊക്കെയാണ് ഭരണകക്ഷിയുടെ ആയുധങ്ങൾ. സ്ഥാനാർത്ഥിയുടെ യോഗ്യതയും പ്രവർത്തന പാരമ്പര്യവുമൊക്കെ കടന്നുവരും.
പാർലമെന്റ്, നിയമസഭാ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് തദ്ദേശ തിരഞ്ഞെടുപ്പിൽ വിഷയം ഏറെയാണെന്ന് പാട്ടെഴുത്തുകാർ പറയുന്നു.
പാരഡിയുടെ മൂന്നര പതിറ്റാണ്ട്
1990കളിലാണ് കേരളത്തിലെ പൊതുതിരഞ്ഞെടുപ്പിൽ സിനിമാ ഗാനങ്ങളുടെ പാരഡി കടന്നുവന്നത്. അതിനും പതിറ്റാണ്ടുകൾക്ക് മുമ്പേ, 1966ൽ പുറത്തിറങ്ങിയ 'സ്ഥാനാർത്ഥി സാറാമ്മ" എന്ന സിനിമയിലൂടെ തിരഞ്ഞെടുപ്പ് ഗോദയിലെ പാട്ടിന്റെ സ്വാധീനം കെ.എസ്. സേതുമാധവൻ മലയാളികളെ പഠിപ്പിച്ചിട്ടുണ്ട്. ശങ്കരാടി പാടി അഭിനയിച്ച, കുരുവിപ്പെട്ടി നമ്മുടെ പെട്ടിയും കടുവപ്പെട്ടിയുമൊക്കെ മലയാളി മനസുകൾ ഇന്നും മൂളുന്നു.
``ഗ്രാമ, ബ്ലോക്ക്, ജില്ല, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ തലത്തിൽ 70,000ൽപ്പരം സ്ഥാനാർത്ഥികളുണ്ടാകും. അതിൽ നല്ലൊരു ശതമാനവും പാട്ട് തേടിയെത്തും. ഗായകർക്കും എഴുത്തുകാർക്കും ചാകരക്കാലമാണ് തദ്ദേശതിരഞ്ഞെടുപ്പ്.``
-അബ്ദുൾ ഖാദർ കാക്കനാട്,
പാരഡി എഴുത്തുകാരൻ