മതിലെഴുത്തിന്റെ തിരക്കിൽ യു.ഡി.എഫ് സ്ഥാനാർത്ഥി
കോലഞ്ചേരി: സ്വന്തം പേര് മതിലിലെഴുതി തീർത്തിട്ടുവേണം വോട്ടു തേടി ജനങ്ങളെ സമീപിക്കാൻ.
കുന്നത്തുനാട് പഞ്ചായത്ത് ചെങ്ങര എട്ടാം വാർഡിലെ യു.ഡി.എഫ് സ്ഥാനാർത്ഥി എ.പി. കുഞ്ഞുമുഹമ്മദാണ് 'വരക്കാരനായ" സ്ഥാനാർത്ഥി.
നാല് പതിറ്റാണ്ട് മുമ്പ് മതിലിൽ കുമ്മായമടിച്ച് നീലവും റെഡ് ഓക്സൈഡും കലക്കി വരച്ചു തുടങ്ങിയതാണ് കുഞ്ഞുമുഹമ്മദ്. പട്ടിമറ്റം 'സുനി ആർട്സ്" എന്ന പേരിലായിരുന്നു ചുമരിലും ബോർഡിലുമുള്ള കലാവിരുത്. ഇത് 'എ.പി" എന്നറിയപ്പെടുന്ന കുഞ്ഞുമുഹമ്മദിന്റേതായിരുന്നെന്ന് അധികമാർക്കും അറിയില്ലായിരുന്നു.
പ്രീഡിഗ്രി പഠന കാലത്ത് പെരുമ്പാവൂരിലെ പ്രശസ്ത കലാകാരനായിരുന്ന 'ചായം സോമന്റെ" ബോർഡെഴുത്തിൽ ആകൃഷ്ടനായി ബ്രഷും പെയിന്റും വാങ്ങി സ്വമേധയ സ്വായത്തമാക്കിയ കലയാണിത്. ബിസിനസിലേക്ക് ചുവടുമാറ്റിയെങ്കിലും പഠിച്ച പണി മറക്കാതെ സ്വന്തം പേര് മതിലിലെഴുതി പഴയ കലാവിരുത് കൈവിട്ട് പോയില്ലെന്ന് ഉറപ്പിക്കുകയാണ് . കുഞ്ഞുമുഹമ്മദിന്റെ മൂന്നാമങ്കമാണിത്. ഇതേ പഞ്ചായത്തിലെ 6-ാം വാർഡിൽ സ്വതന്ത്രനായും പിന്നീട് 10 വർഷം മുമ്പ് 8-ാം വാർഡിൽ യു.ഡി.എഫിലും വിജയം കുറിച്ച ആത്മവിശ്വാസത്തിലാണ് ഇക്കുറി പോരാട്ടത്തിനിറങ്ങുന്നത്.