മേപ്പാടിയിൽ ജനിവിധി തേടാൻ ഷൈജയും സീനത്തും
മേപ്പാടി: മേപ്പാടി ഗ്രാമപഞ്ചായത്തിലെ തിരഞ്ഞെടുപ്പിൽ ജനവിധി തേടാൻ ഷൈജ ബേബിയും സി. സീനത്തും വീണ്ടുമെത്തുന്നു. ഉരുൾദുരിന്തത്തിൽ ചെളിയിൽ പുരണ്ട ഉറ്റവരുടെയും ഉടയവരുടെയും മൃതദേഹങ്ങൾ തിരിച്ചറിയാൻ പതിനൊന്ന് ദിവസത്തോളം മോച്ചറിയിൽ അധികൃതരെ സഹായിക്കാൻ നിന്നവരാണിവർ. ഉരുൾദുരന്ത മേഖലയിലെ പത്താം വാർഡായ അട്ടമലയിൽ സി.പി.ഐ സ്ഥാനാർത്ഥിയായി ഷൈജയും ഒമ്പതാം വാർഡായ പുത്തുമലയൽ സി.പി.എം സ്ഥാനാർത്ഥിയായി സി. സീനത്തും മത്സരിക്കും.
2015-20 ഭരണസമിതിയിൽ മുണ്ടക്കൈ വാർഡിന്റെ മെമ്പറും വൈസ് പ്രസിഡന്റുമായിരുന്നു ഷൈജ. ചൂരമല വാർഡിൽ ഇതേ സമയത്ത് സീനത്തും മെമ്പറായിരുന്നു. ദുരന്ത സമയത്ത് ആശാ പ്രവർത്തകയെന്ന നിലയിൽ നൽകിയ സേവനം പരിഗണിച്ച് ഷൈജയെ കഴിഞ്ഞ വർഷം സംസ്ഥാന സർക്കാർ പരമോന്നത പുരസ്കാരമായ കേരളശ്രീ നൽകി ആദരിച്ചിരുന്നു. മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവർത്തിച്ച താത്കാലിക മോർച്ചറിയിൽ ഇവരുടെ സേവനത്താലാണ് ഭൂരിപക്ഷം മൃതദേഹങ്ങളും തിരിച്ചറിയാനായത്. കുടുംബാംഗങ്ങൾ പോലും കാണാൻ ഭയന്ന മൃതദേഹങ്ങളും ശരീരഭാഗങ്ങളും ഇവർ തിരിച്ചറിഞ്ഞു. മുണ്ടക്കൈ,ചൂരൽമല,അട്ടമല പ്രദേശത്തെ ഓരോരുത്തരെയും പേരെടുത്ത് വിളിക്കാനുള്ള പരിചയം ഇരുവർക്കുമുണ്ടായിരുന്നു. 2019ൽ പുത്തുമലയിൽ ഉരുൾപ്പൊട്ടി 17 പേർ മരണപ്പെട്ടിരുന്നു. ദുരന്തവ്യാപ്തി കുറക്കാൻ അന്ന് ഇവർ നടത്തിയ പ്രവർത്തനവും മാതൃകാപരമായിരുന്നു.
എന്നും ജനങ്ങൾക്കൊപ്പമുള്ളഞങ്ങളെ ഉരുൾ ദുരിതബാധിതർക്ക് മറക്കാൻ കഴിയില്ല. അവർ നെഞ്ചിലേറ്റും. ആരും രാഷ്ട്രീയം കാണില്ല.
-ഷൈജ,
സീനത്ത്