തൃക്കടവൂർ ശിവരാജുവും പാമ്പാടി രാജനുമടക്കം ഗജരാജന്മാർ നിങ്ങളുടെ മേശപ്പുറത്തെത്തും, കൗതുകമായി ദിവ്യയുടെ  ക്രാഫ്റ്റുകൾ

Monday 01 December 2025 2:33 PM IST

മനുഷ്യൻ ചന്ദ്രനിൽ ചെന്നാലും അവിടെയും ഒരു മലയാളി കാണുമെന്ന് തമാശരൂപേണ പറയാറുണ്ട്. ഏത് നാടും തേടിപ്പിടിച്ചുചെന്ന് തന്റെ സ്വന്തം ഇടം കണ്ടെത്തുന്ന മലയാളിയുടെ സ്വഭാവത്തെയാണ് ഇതിലൂടെ സൂചിപ്പിക്കുന്നത്. ഏത് നാട്ടിൽ പോയാലും ജന്മനാട്ടിലായാലും മലയാളി കാത്തുസൂക്ഷിക്കുന്ന മറ്റൊരു ഗുണമുണ്ട്. അവരുടെ പരമ്പരാഗത കലാ,സാംസ്‌കാരികമായ മൂല്യങ്ങളോടുള്ള ഇഷ്‌ടം. സ്വന്തം വീട്ടിലായാലും പ്രവാസ ജീവിതമായാലും അവനവന്റെ വീടിനും പരിസരത്തിലും എന്തെങ്കിലുമൊരു പരമ്പരാഗതമായ വസ്‌‌തു അവർ വാങ്ങി‌ സൂക്ഷിക്കും.

ഭരണികളും ചെപ്പുകളും തുടങ്ങി ഷോകേസിൽ വയ്‌ക്കാവുന്നവ ചെറുരൂപങ്ങൾ മുതൽ വീട്ടിലെ ചുമരിനെ അലങ്കരിക്കുന്നതുവരെയുള്ളവ അത്തരത്തിലുണ്ട്. കഥകളി, നൃത്ത രൂപങ്ങൾ, ആലവട്ടം, വെഞ്ചാമരം മുതൽ ആന രൂപങ്ങൾ വരെ വലിയവയും ഉണ്ട്. ഈ പാരമ്പര്യ തനിമയുള്ള രൂപങ്ങൾ കഴിഞ്ഞ അഞ്ച് വർഷങ്ങളായി നിർമ്മിച്ച് വിൽക്കുന്നവരാണ് പാലക്കാട് പറളിയിലെ ദിവ്യ ക്രാഫ്റ്റ് വേൾഡ് എന്ന ചെറിയ സംരംഭം.

ദിവ്യ ക്രാഫ്റ്റ് വേൾഡ്

പറളി സ്വദേശിനിയായ ദിവ്യ ജ്യോതിരാജും എട്ടോളം സഹപ്രവർത്തകരായ സ്‌ത്രീകളും ചേർന്നാണ് ട്രെഡിഷണൽ ഹാന്റിക്രാഫ്റ്റുകൾ നിർമ്മിക്കുന്നത്. കൊവിഡ് കാലത്ത് തുടങ്ങിയ ആശയമാണ് പിന്നീട് കഴിഞ്ഞ അഞ്ച് വർഷങ്ങൾ കൊണ്ട് വളർന്ന് 'ദിവ്യ ക്രാഫ്റ്റ് വേൾഡ്' ആയി മാറിയത്. പാലക്കാട് എടത്തറയിലാണ് ദിവ്യ ക്രാഫ്റ്റ് വേൾഡ് ഉള്ളത്. ദിവ്യയ്‌ക്ക് ഒപ്പം സഹായത്തിന് ഭർത്താവ് ജ്യോതിരാജുമുണ്ട്.

നേരിട്ട്‌ ഓർഡറെടുത്തോ ഫോൺവഴിയോ വാട്‌സാപ്പ്, ഇമെയിൽ വഴിയോ ഓർഡറുകൾ സ്വീകരിച്ച് കസ്റ്റമർക്ക് ഇഷ്‌ടപ്പെടുന്ന തരത്തിൽ നിർമ്മിച്ചു നൽകുകയാണ് പതിവ്. ദൂരദേശത്തുനിന്നുള്ളവർക്ക് എവിടെയായാലും പ്രൊഡക്‌ട് കൊറിയർ ചെയ്‌ത് നൽകാറുമുണ്ട്.

ഫൈബർ, നൂല്, മയിൽപ്പീലി എന്നിവകൊണ്ട് നിർമ്മിക്കുന്ന നെറ്റിപ്പട്ടം വിൽപ്പനയുള്ള പ്രധാന പ്രൊഡക്‌ടാണ്. വളരെ ചെറിയ 1200 രൂപയുടേതുമുതൽ ആവശ്യത്തിനനുസരിച്ച് വലിപ്പമുള്ളത്ര നെറ്റിപ്പട്ടങ്ങൾ വിൽക്കുന്നുണ്ട്. ഇതിനുപുറമേ പാലക്കാടൻ പാരമ്പര്യത്തിൽ പെട്ട നെല്ലുകൊണ്ടുള്ള കതിർകുടങ്ങളും നിർമ്മിക്കുന്നുണ്ട്. ചുറ്റും അലങ്കാരത്തിനായി മയിൽപീലികളും പിടിപ്പിച്ചവയാണ് ഇവ.

കൗതുകമായി എലിഫെന്റ് ഹെഡ്

സമ്മാനമായി നൽകാവുന്ന ഫ്രെയിംചെയ്‌ത ചിത്രങ്ങളും ദിവ്യ ക്രാഫ്റ്റ് വേൾഡ് നൽകുന്നുണ്ട്. ആലവട്ടത്തിലും മറ്റുമായി ചിത്രങ്ങൾ ഭംഗിയായി സെറ്റ് ചെയ്‌താണ് നൽകുന്നത്. ഇവരുടെ മറ്റൊരു പ്രത്യേകതയാണ് എലിഫെന്റ് ഹെഡ്. കേരളത്തിലെ ആനപ്രേമികളുടെ ആരാധനാ ബിംബങ്ങളായ പാമ്പാടി രാജൻ, തിരുവമ്പാടി ശിവസുന്ദർ. തൃക്കടവൂർ ശിവരാജു, തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ തുടങ്ങി നാട്ടാന കേമന്മാരുടെയെല്ലാം എലിഫെന്റ് ഹെഡ് ലോകത്തെവിടെയായാലും ചെയ്‌ത് അയച്ചുനൽകാറുണ്ട്. ഇവയെല്ലാം വളരെ മികച്ച രീതിയിൽ വിൽപനയുണ്ടെന്ന് ജ്യോതിരാജ് പറയുന്നു. ദിവ്യ ക്രാഫ്റ്റ് വേൾഡ് എന്ന ഇൻസ്റ്റ പേജ് വഴിയോ 6282531912 എന്ന ഫോൺനമ്പരിലോ വിളിച്ച് ആവശ്യക്കാർക്ക് വിലവിവരമടക്കം അറിയാം.