തോക്കിൻമുനയിൽ നിർത്തി പീഡിപ്പിച്ചു; നഗ്നയാക്കി വീഡിയോ ചിത്രീകരിച്ചു, പരാതിയുമായി ബിസിനസുകാരി
മുംബയ്: തോക്കിൻമുനയിൽ നിർത്തി നഗ്നയാക്കി വീഡിയോ ചിത്രീകരിച്ചെന്ന് മുംബയ് പൊലീസിൽ പരാതി നൽകി 51കാരി. പരാതി കൊടുത്താൽ ചിത്രങ്ങളും വീഡിയോകളും പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽപ്പറയുന്നു. ഫ്രാങ്കോ-ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽസിന്റെ മാനേജിംഗ് ഡയറക്ടറും സ്ഥാപക അംഗവുമായ ജോയ് ജോൺ പാസ്കൽ പോസ്റ്റിനെതിരെയാണ് ബിസിനസുകാരിയായ മദ്ധ്യവയസ്‌ക പരാതി നൽകിയത്.
പോസ്‌റ്റ് അയാളുടെ ഫ്രാങ്കോ-ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽസിന്റെ ഓഫീസിലേക്ക് ഒരു മീറ്റിംഗിന്റെ മറവിൽ തന്നെ ക്ഷണിച്ചു വരുത്തുകയായിരുന്നെന്ന് മദ്ധയവയസ്‌ക പരാതിയിൽ പറയുന്നു. അവിടെ വച്ച് അവരെ പീഡിപ്പിക്കുകയും തോക്കിൻമുനയിൽ നിർത്തി വസ്ത്രങ്ങൾ അഴിക്കാൻ നിർബന്ധിക്കുകയും ചെയ്തു. പ്രതി സ്ത്രീക്ക് നേരെ അസഭ്യം പറയുകയും, അവരുടെ നഗ്ന ചിത്രങ്ങളും വീഡിയോകളും പകർത്തുകയും, ഇക്കാര്യം ആരെയെങ്കിലും അറിയിച്ചാൽ അവ പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പോസ്‌റ്റിനും അയാളുടെ അഞ്ച് കൂട്ടാളുകൾക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തു. ലൈംഗിക പീഡനം, ആക്രമണം, ക്രിമിനൽ ഭീഷണി എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ ആഴ്ച കൊൽക്കത്തയിൽ മറ്റൊരു സ്‌ത്രീയെ മയക്കുമരുന്നുനൽകി കൂട്ടബലാത്സംഗം ചെയ്‌തതായി റിപ്പോർട്ടുകളുണ്ട്. രാത്രി ഒമ്പത് മണിക്ക് മൊബൈൽ ആപ്ലിക്കേഷൻ വഴി ബുക്ക് ചെയ്‌ത കാബ് കാത്ത് നിൽക്കുമ്പോഴാണ് യുവതിക്ക് നേരെ അതിക്രമം ഉണ്ടായത്. കാബിലെത്തിയ മൂന്ന് പേർ യുവതിയെ ബലപ്രയോഗത്തിലൂടെ വാഹനത്തിനുള്ളിലേക്ക് വലിച്ചുകയറ്റിയ ശേഷം നിർബന്ധിച്ച് മയക്കുമരുന്ന് നൽകി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് സംഘം വഴിയിൽ ഇറക്കിവിട്ട യുവതി ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.