കുടിവെള്ളടാങ്കർ ലോറിയിലിടിച്ച് ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു
ആലുവ: കുടിവെള്ളടാങ്കർ ലോറിയിലിടിച്ച് മറിഞ്ഞ ആംബുലൻസിലുണ്ടായിരുന്ന രോഗി മരിച്ചു. നാലുപേർക്ക് പരിക്കേറ്റു. കാലടി മരോട്ടിച്ചോട് വാളാഞ്ചേരി എസ്തപ്പാനാണ് (69) മരിച്ചത്. ഇന്നലെ പുലർച്ചെ 1.30ഓടെ ദേശീയപാതയിൽ ആലുവ പുളിഞ്ചോട്ടിലായിരുന്നു അപകടം.
ന്യൂമോണിയ ബാധിച്ച് ശ്വാസതടസത്തെ തുടർന്ന് അഞ്ചുദിവസംമുമ്പ് എസ്തപ്പാനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രോഗം ശക്തമായതിനെ തുടർന്ന് വിദഗ്ദ്ധചികിത്സയ്ക്കായി എറണാകുളം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുമ്പോഴാണ് അപകടം. നിയന്ത്രണംവിട്ട ആംബുലൻസ് ടാങ്കർലോറിയിൽ ഇടിച്ച് മറിയുകയായിരുന്നു.
പരിക്കേറ്റ നാലുപേരെയും പൊലീസ് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മൂന്നുമണിയോടെ എസ്തപ്പാൻ മരിച്ചു. വാഹനത്തിൽ ഒപ്പമുണ്ടായിരുന്ന മകൾ പ്രീതിക്ക് തലയിൽ ആറ് തുന്നലുണ്ട്.
എസ്തപ്പാന്റെ ഭാര്യ റോസി, സഹോദരൻ വർഗീസ്, ആംബുലൻസ് ജീവനക്കാരൻ അതുൽ എന്നിവർക്കും പരിക്കേറ്റു. പ്രീതി യു.കെയിൽ നഴ്‌സാണ്. പ്രിൻസി മറ്റൊരു മകളാണ്. മരുമക്കൾ: സോജൻ, ലിന്റോ. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് മറ്റൂർ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.