ആഴ്ചയിൽ അഞ്ച് പ്രവൃത്തി ദിനം; സംഘടനകളുടെ യോഗം 5ന്
തിരുവനന്തപുരം: ഭരണപരിഷ്‌കാര കമ്മിഷന്റെയും ശമ്പള പരിഷ്‌കരണ കമ്മിഷന്റെയും റിപ്പോർട്ടുകളുടെ ചുവടുപിടിച്ച് ഓഫീസുകളുടെ പ്രതിവാര പ്രവൃത്തി ദിനങ്ങളുടെ എണ്ണം അഞ്ചായി ചുരുക്കുന്നത് സർക്കാർ വീണ്ടും സജീവമാക്കുന്നു. ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ സർവീസ് സംഘടനകളുമായുള്ള യോഗം 5ന് വൈകിട്ട് 5ന് ഓൺലൈൻ മുഖേന ചേരും.
മുമ്പും സമാന ആലോചനയുണ്ടായെങ്കിലും ചില നിബന്ധനകളിൽ തട്ടി ചർച്ച വഴിമുട്ടിയിരുന്നു. രണ്ടാം ശനിക്കൊപ്പം നാലാം ശനി കൂടി അവധിയാക്കും വിധമായിരുന്നു അന്നത്തെ ചർച്ച. ജീവനക്കാരുടെ കാഷ്വൽ ലീവ് കുറയുമെന്ന ഉപാധി വച്ചതോടെ സർവീസ് സംഘടനകളുടെ എതിർപ്പുണ്ടായി. മാസത്തിലെ എല്ലാ ശനിയും ഞായറും അവധിയാക്കും വിധമാണ് പുതിയ ശുപാർശ. ഇക്കാര്യത്തിൽ സംഘടനകൾ നിലപാട് സ്വീകരിച്ചിട്ടില്ല.
സേവനങ്ങൾ പൂർണമായി ഓൺലൈനാക്കുന്ന സാഹചര്യത്തിൽ ജനത്തിന് ഓഫീസ് സന്ദർശനം അനിവാര്യമല്ലെന്ന് അനുകൂലിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു. ദിവസം 7 മണിക്കൂറാണ് നിലവിൽ സർക്കാർ ഓഫീസുകളുടെ പ്രവർത്തനം. നഗരങ്ങളിൽ 10.15 മുതൽ വൈകിട്ട് 5.15 വരെയും മറ്റിടങ്ങളിൽ 10 മുതൽ 5വരെയും. കാലത്തും വൈകിട്ടുമായി പ്രവൃത്തിസമയം അര മണിക്കൂർ കൂടി ദീർഘിപ്പിച്ചാൽ ഏഴര മണിക്കൂർ ലഭിക്കും. ശനിയാഴ്ചയിലെ അവധിക്ക് ഇത് പകരമാവുകയും ചെയ്യും. അങ്ങനെയെങ്കിൽ നിലവിൽ 10.15ന് തുടങ്ങുന്ന ഓഫീസുകൾ 9.15നോ 9.30നോ ആരംഭിക്കണം. വൈകിട്ട് 5.15 എന്നത് 5.30 അല്ലെങ്കിൽ 5.45 ആക്കേണ്ടിവരും. സ്‌കൂൾ സമയമടക്കം ഘടകങ്ങൾ പരിഗണിക്കേണ്ടിയും വരും. സർക്കാർ വാഹനങ്ങളുടെ ഓട്ടം, ഓഫീസ് ചെലവുകൾ, വൈദ്യുതി ഉപയോഗം, വെള്ളം എന്നിവ ലാഭിക്കാമെന്നതാണ് സർക്കാരിന് മുന്നിലുള്ളത്.