തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഇക്കാര്യം നിര്‍ബന്ധം; റെയില്‍വേയുടെ പുതിയ മാറ്റം പ്രാബല്യത്തില്‍

Monday 01 December 2025 11:25 PM IST

മുംബയ്: പെട്ടെന്നുള്ള യാത്രകള്‍ക്ക് ഒരുങ്ങുമ്പോള്‍ തത്കാല്‍ ടിക്കറ്റുകളെയാണ് ട്രെയിന്‍ യാത്രക്കാര്‍ ആശ്രയിക്കുന്നത്. യഥാര്‍ത്ഥ ടിക്കറ്റ് നിരക്കിനേക്കാള്‍ കൂടുതലായിരിക്കും തത്കാല്‍ ടിക്കറ്റിന് നല്‍കേണ്ടി വരിക. ഇപ്പോഴിതാ തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ റെയില്‍വേ ഒരുക്കുന്ന പുതിയ സുരക്ഷാ സംവിധാനം പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്. യാത്രക്കാരന്റെ മൊബൈല്‍ നമ്പറിലേക്ക് അയക്കുന്ന വണ്‍-ടൈം പാസ്വേഡ് വെരിഫിക്കേഷന് ശേഷം മാത്രമേ ഇനി തത്കാല്‍ ടിക്കറ്റുകള്‍ നല്‍കുകയുള്ളൂ.

ബുക്ക് ചെയ്യുന്ന സമയത്ത് യാത്രക്കാരന്‍ നല്‍കുന്ന മൊബൈല്‍ നമ്പറിലേക്ക് ഈ ഒടിപി അയക്കുകയും ഒടിപി വിജയകരമായി സാധൂകരിച്ചതിന് ശേഷം മാത്രമേ ടിക്കറ്റ് നല്‍കുകയുമുള്ളൂ', എന്ന് വെസ്റ്റേണ്‍ റെയില്‍വേ പ്രസ്താവനയില്‍ പറഞ്ഞു. ആദ്യ ഘട്ടത്തില്‍, ഒടിപി അടിസ്ഥാനമാക്കിയുള്ള തത്കാല്‍ ഓതന്റിക്കേഷന്‍ സംവിധാനം ട്രെയിന്‍ നമ്പര്‍ 12009/12010, മുംബൈ സെന്‍ട്രല്‍-അഹമ്മദാബാദ് ശതാബ്ദി എക്‌സ്പ്രസില്‍ നടപ്പിലാക്കും.

പിന്നീട് ഇത് മറ്റ് ട്രെയിനുകളിലേക്കും വ്യാപിപ്പിക്കാനാണ് റെയില്‍വേയുടെ പദ്ധതി. ഐആര്‍സിടിസി വെബ്‌സൈറ്റ്, മൊബൈല്‍ ആപ്പ്, റെയില്‍വേ കൗണ്ടറുകള്‍ എന്നീ സംവിധാനങ്ങള്‍ വഴി തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഒ.ടി.പി വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കും. തത്കാല്‍ ടിക്കറ്റുകള്‍ കൂട്ടത്തോടെ ബുക്ക് ചെയ്ത് മറ്റ് വെബ്‌സൈറ്റുകള്‍ വഴിയും ബ്ലാക്കിലും കൊള്ള ലാഭത്തിന് മറിച്ച് വില്‍ക്കുന്ന പ്രവണതയ്ക്ക് അറുതിവരുത്തുകയെന്നതാണ് പുതിയ മാറ്റത്തിലൂടെ റെയില്‍വേ ഉദ്ദേശിക്കുന്നത്. മാറ്റം യാഥാര്‍ത്ഥ്യമാകുമ്പോള്‍ യഥാര്‍ത്ഥ യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ ടിക്കറ്റ് ലഭിക്കുമെന്നാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്.