ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത,​ ഡിസംബറിലെ വൈദ്യുതി ബില്ലിൽ വരുന്നത് വൻമാറ്റം

Monday 01 December 2025 11:32 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കൾക്ക് ആശ്വാസ വാർത്തയുമായി കെ.എസ്.ഇ.ബി. ഡിസംബറിലെ വൈദ്യുതി ബില്ലിൽ ഇന്ധന സർചാർജ് കുറയുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. പ്രതിമാസം ബിൽ ലഭിക്കുന്ന ഉപയോക്താക്കൾക്ക് യൂണിറ്റിന് 5 പൈസയും രണ്ടു മാസത്തിലൊരിക്കൽ ബിൽ ലഭിക്കുന്ന ഉപയോക്താക്കൾക്ക് യൂണിറ്റിന് 8പൈസയും സർചാർജ് ആയി നൽകേണ്ടി വരും.

സെപ്തംബർ മുതൽ നവംബർ വരെ യൂണിറ്റിന് 10 പൈസയായിരുന്നു സർചാർജ്. ഒക്ടോബറിൽ പുറത്തുനിന്നും വൈദ്യുതി വാങ്ങിയ ഇനത്തിൽ കെഎസ്ഇബിക്ക് അധികമായി ചെലവായ 9.92കോടിരൂപയും അതിനു മുൻപുള്ള മാസങ്ങളിൽ സർചാർജിലൂടെ തിരിച്ചുപിടിച്ചതിന് ശേഷവും ബാക്കി വന്ന തുകയും ചേർത്ത് 10.77 കോടിരൂപ ഈടാക്കാനാണ് ഡിസംബറിൽ സർചാർജ് ഏർപ്പെടുത്തിയത്. ഇതിലാണ് ഇപ്പോൾ ഇളവ് ഏ‍ർപ്പെടുത്തിയിരിക്കുന്നത്. സർചാർജ് പരിധി എടുത്തു കളഞ്ഞതോടെ നിരക്ക് ഉയരുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിനെ തുടർന്നാണ് വൈദ്യുതി മന്ത്രിയുടെ ഓഫീസ് പുതിയ അറിയിപ്പ് പുറത്തിറക്കിയത്.