കേരളം നിരോധിച്ച സാധനം; വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള മാര്‍ഗമാക്കി മാറ്റി കേന്ദ്രം

Tuesday 02 December 2025 12:13 AM IST

ന്യൂഡല്‍ഹി: ഇന്ത്യയുടെ ദേശീയ സുരക്ഷയ്ക്കും പൊതുജനാരോഗ്യത്തിനുമുള്ള ചെലവുകള്‍ നിറവേറ്റുന്നതിന് പാന്‍മസാല ഉത്പന്നങ്ങള്‍ക്ക് സെസ് ചുമത്താനുള്ള ആരോഗ്യ-രാജ്യസുരക്ഷാ ബില്‍ ലോക്സഭ പാസാക്കി. എന്നാല്‍ പാന്‍മസാല ഉത്പന്നങ്ങളുടെ വിലയില്‍ മാറ്റമുണ്ടാകില്ല. പാന്‍മസാല പായ്ക്കറ്റുകള്‍ നിര്‍മ്മിക്കുന്ന മെഷീനിന്റെ വേഗത അല്ലെങ്കില്‍ മറ്റ് പ്രക്രിയകളുടെ ശേഷി,പൗച്ച്,ടിന്‍ അല്ലെങ്കില്‍ മറ്റ് കണ്ടെയ്നര്‍ എന്നിവയുടെ ഭാരം എന്നിവ അടിസ്ഥാനമാക്കിയാണ് സെസ്. പ്രത്യേക സാഹചര്യങ്ങളില്‍ സര്‍ക്കാരിന് സെസ് തുക ഉയര്‍ത്താം. സെസ് വരുമാനം കണ്‍സോളിഡേറ്റഡ് ഫണ്ടില്‍ ക്രെഡിറ്റ് ചെയ്ത് ഇന്ത്യയുടെ ദേശീയ സുരക്ഷയ്ക്കും പൊതുജനാരോഗ്യത്തിനുമുള്ള ചെലവുകള്‍ക്കായി ഉപയോഗപ്പെടുത്താം. അതിനാല്‍ സംസ്ഥാനങ്ങള്‍ക്ക് സെസ് വിഹിതം ലഭിക്കില്ല. അതേസമയം,പുകയില ഉത്പന്നങ്ങള്‍ക്ക് 40% ജി.എസ്.ടിക്ക്(സിന്‍ ഗുഡ്‌സ് ജി.എസ്.ടി) പുറമെ എക്സൈസ് തീരുവ ചുമത്താനുള്ള ജി.എസ്.ടി ഭേദഗതി ബില്‍ ലോക്സഭ പാസാക്കി.

നിലവില്‍ 28% ജി.എസ്.ടി+നഷ്ടപരിഹാര സെസ്

മാറ്റം: പുതിയ 'സിന്‍ ഗുഡ്സ്' ജി.എസ്.ടി 40% + ആരോഗ്യ, ദേശീയ ആരോഗ്യ സെസ്.

വീഴ്ച വരുത്തിയാല്‍ ശിക്ഷ

സമയത്ത് സെസ് അടയ്ക്കാതിരുന്നാല്‍ 15% പലിശയും പതിനായിരം രൂപ പിഴയോ സെസിന് തുല്യമായ തുകയോ ചുമത്തും.

നിയമലംഘനത്തിന് സഹായിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ വരെ പിഴ.

സെസ് കുടിശിക അഞ്ച് കോടി കവിഞ്ഞാല്‍ അഞ്ച് വര്‍ഷം വരെ തടവോ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടി രണ്ടു കോടിക്കും അഞ്ചു കോടിക്കും ഇടയിലാണെങ്കില്‍ മൂന്ന് വര്‍ഷം വരെ തടവോ പിഴയോ, ഒരു കോടി മുതല്‍ രണ്ടു കോടി വരെയാണെങ്കില്‍ ഒരു വര്‍ഷം തടവോ പിഴയോ. വീണ്ടും ശിക്ഷിക്കപ്പെട്ടാല്‍, അഞ്ച് വര്‍ഷം വരെ തടവ്.

എക്സൈസ് തീരുവ

അസംസ്‌കൃത പുകയില ഉത്പന്നങ്ങള്‍: കിലോയ്ക്ക് 70%,പുകയില വേസ്റ്റ് 60%. നിക്കോട്ടിന്‍ ഉത്പന്നങ്ങള്‍ 100%.

സിഗരറ്റുകള്‍,ചെറൂട്ടുകള്‍: 25 ശതമാനം അല്ലെങ്കില്‍ ആയിരം എണ്ണത്തിന് 5,000 രൂപ മുതല്‍ 11,000 രൂപ വരെ

നഷ്ടപരിഹാര സെസ്

2017ല്‍ ജി.എസ്.ടി നിലവില്‍ വന്നപ്പോള്‍ സംസ്ഥാനങ്ങള്‍ക്കുള്ള വരുമാന നഷ്ടം നികത്താന്‍ ഏര്‍പ്പെടുത്തിയത്. 2022 ജൂണില്‍ കാലാവധി കഴിഞ്ഞെങ്കിലും നടപ്പു സാമ്പത്തിക വര്‍ഷം വരെ നീട്ടി.