ന്യൂജൻ കോഴ്സ് മലയാളത്തിൽ സൗജന്യമായി പഠിക്കാം

Tuesday 02 December 2025 2:22 AM IST

തിരുവനന്തപുരം: ഹരിത രസതന്ത്രം പോലെ അത്യാധുനിക കോഴ്സുകൾ മലയാളത്തിൽ സൗജന്യമായി പഠിക്കാൻ അവസരമൊരുക്കി കാലിക്കറ്റ് സർവകലാശാല. ലോകത്തെവിടെയിരുന്നും ഓൺലൈനായി പഠിക്കാവുന്നതാ ആറ് മലയാളം കോഴ്സുകളും.

ജിയോ ഇൻഫോമാറ്റിക്സ്, ഗ്രീൻ കെമിസ്ട്രി, പന്ത്രണ്ടാം നൂറ്റാണ്ട് വരെയുള്ള കേരള ചരിത്രം, ടൂറിസം സങ്കൽപ്പം, സുസ്ഥിര വികസനത്തിലെ കേരള മാതൃക, കേരള ടൂറിസത്തിന്റെ മഹത്വം എന്നീ കോഴ്സുകളാണ് കേന്ദ്രസർക്കാരിന്റെ സ്വയം പോർട്ടലിൽ ഉൾപ്പെടുത്തുന്നത്. ആദ്യമായാണ് മലയാളത്തിലെ കോഴ്സുകൾ പോർട്ടലിൽ വരുന്നത്.

നാലു വർഷ ബിരുദ വിദ്യാർത്ഥികൾക്കും മത്സരപരീക്ഷകൾക്ക് പങ്കെടുക്കുന്നവർക്കുമടക്കം മാസീവ് ഓപ്പൺ-ഓൺലൈൻ കോഴ്​സുകൾ (മൂക്) സൗജന്യമായി പഠിക്കാം. ഒരു സെമസ്റ്റർ ദൈർഘ്യമുള്ള കോഴ്സുകളിൽ അര മണിക്കൂർ വീതമുള്ള 40വീഡിയോകളും 20മണിക്കൂർ വായിക്കാനുള്ള പാഠഭാഗവുമുണ്ടാവും. ഈ കോഴ്സുകൾ വിജയിച്ചാൽ നാലുവർഷ ബിരുദ വിദ്യാർത്ഥികൾക്ക് കോഴ്സ് വിജയിക്കാനുള്ള അധിക ക്രെഡിറ്റുകൾ സമ്പാദിക്കാം. വിജയികൾക്കെല്ലാം സർട്ടിഫിക്കറ്റ് ലഭിക്കും. പ്രായപരിധിയില്ല. മലയാളം കോഴ്സുകൾ ഉൾപ്പെടുത്തുന്നതിന്റെ ഉദ്ഘാടനം ഇന്ന് രാജ്ഭവനിൽ ഗവർണർ ആർ.വി.ആർലേക്കർ നിർവഹിക്കും.

ഏത് നാലു വർഷ ബിരുദ കോഴ്സ് പഠിക്കുന്നവർക്കും മൂക് കോഴ്സുകൾ പഠിക്കാം. നിശ്ചിത ക്രെഡിറ്റ് നേടിയിട്ടുണ്ടെങ്കിൽ ഡിഗ്രി ഫൈനൽ സർട്ടിഫിക്കറ്റിൽ ഈ കോഴ്സുകളുടെ മാർക്കും രേഖപ്പെടുത്തും.സിവിൽ സർവീസസ്, എസ്എസ്‍സി,പിഎസ്‌സി, കെഎഎസ് പോലുള്ള പരീക്ഷകൾക്കുള്ള തയാറെടുപ്പിനും സഹായകരമാണ്.

പഠനം ഇങ്ങനെ:

വീഡിയോ, ആനിമേഷൻ ക്ലാസുകളും ഓൺലൈൻ അസൈൻമെന്റുകളും ഫൈനൽ പരീക്ഷയും .

നൈപുണ്യ വികസനത്തിനും ജോലി ലഭിക്കാനും സഹായകരമായ മാർക്കറ്റിംഗ്, കോഡിംഗ്, കമ്യൂണിക്കേഷൻ, കണ്ടന്റ് റൈറ്റിംഗ് .

ഓക്സ്‌ഫോർഡ്, ഹാർവാഡ്, സ്റ്റാൻഫോഡ് അടക്കം വിദേശ സർവകലാശാലകളുടെയും ഐ.ഐ.ടി-ഐ.ഐ.എം എന്നിവയുടെയും കോഴ്സുകൾ.

കാലിക്കറ്റ് സർവകലാശാലയുടെ 72കോഴ്സുകൾ എം.ജി, കേരള സർവകലാശാലകൾ ഇംഗ്ലീഷിൽ തയ്യാറാക്കിയ കോഴ്സുകളും.

ലക്ഷക്കണക്കിന്

കോഴ്സുകൾ

കമ്പ്യൂട്ടർ സയൻസ്-----49,563

ബിസിനസ്-----------------39,061

ആർട്സ്, ഡിസൈൻ---35,740

വ്യക്തിത്വവികസനം----12,759

ഹ്യുമാനിറ്റീസ്------------12,566

‌ഡാറ്റാ സയൻസ്--------11,944

''. വിദഗ്ദ്ധരായ പ്രൊഫസർമാർ തയ്യാറാക്കിയതാണ് കോഴ്സുകൾ.''

-ഡോ.ദാമോദർപ്രസാദ്

ഡയറക്ടർ, ഇ.എം.എം.ആർ.സി