ആദ്യരാത്രിക്ക് തൊട്ടുമുൻപ് വരന്റെ വീട് ഉപേക്ഷിച്ച് വധു; പിന്നാലെ വിവാഹമോചനം

Tuesday 02 December 2025 10:04 AM IST

ലക്‌നൗ: വിവാഹം കഴിഞ്ഞതിന് പിന്നാലെ വരന്റെ വീട് ഉപേക്ഷിച്ച് വധു. ഉത്തർപ്രദേശിലെ ദിയോറിയയിലാണ് സംഭവം നടന്നത്. വിശാൽ മധേസിയ എന്നയാൾ നവംബർ 25നാണ് പൂജയെ വിവാഹം കഴിച്ചത്. അന്ന് വെെകുന്നേരം ഏഴ് മണിയോടെ വധു വരന്റെ വീട്ടിലെത്തി. പിന്നാലെ വരന്റെ മുറിയിലേക്ക് പോയ യുവതി 20 മിനിട്ടുകൾക്ക്ശേഷം തിരികെവന്ന് ഭർത്താവിനൊപ്പം താമസിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് പറയുകയായിരുന്നു.

ആദ്യം എല്ലാവരും ഇതൊരു തമാശയാണെന്നാണ് കരുതിയത്. കാരണം ചോദിച്ചിട്ടും പൂജ പറയാൻ തയ്യാറായില്ല. 'എന്റെ മാതാപിതാക്കളെ വിളിക്കൂ. ഞാൻ ഇവിടെ താമസിക്കില്ല' - എന്നാണ് യുവതി ആവർത്തിച്ച് പറഞ്ഞത്. പിന്നാലെ വിശാൽ വധുവിന്റെ മാതാപിതാക്കളെ വിവരം അറിയിച്ചു. കാര്യങ്ങൾ ഒത്തുതീർപ്പാക്കാൻ ഇരുകുടുംബങ്ങളും ശ്രമിച്ചെങ്കിലും പൂജ തന്റെ നിലപാട് മാറ്റിയില്ല. തുടർന്ന് നവംബർ 26ന് പഞ്ചായത്ത് യോഗം കൂടി അഞ്ചുമണിക്കൂറോളം വിഷയം ചർച്ച ചെയ്തു.

പ്രശ്നം പരിഹരിക്കാതെ വന്നതോടെ ദമ്പതികൾ വിവാഹമോചനം തേടാൻ പ‌ഞ്ചായത്ത് അംഗങ്ങൾ പറഞ്ഞു. വിവാഹസമത്ത് കെെമാറിയ എല്ലാ സമ്മാനങ്ങളും പണവും ഇരുകുടുംബങ്ങളും തിരികെ നൽകി. അന്ന് വെെകുന്നേരം ആറ് മണിയോടെ പൂജ സ്വന്തം വീട്ടിലേക്ക് മടങ്ങി. വിവാഹത്തിന് മുൻപ് ഒരിക്കൽപോലും താൽപര്യമില്ലെന്ന് പൂജ പറഞ്ഞില്ലെന്നും യുവതിയുടെ പേരിൽ കേസ് നൽകിയിട്ടില്ലെന്നും വിശാൽ വ്യക്തമാക്കി.