തിരുവനന്തപുരത്തെ സർക്കാർ തീയേറ്ററുകളിലെ സിസിടിവി ദൃശ്യങ്ങൾ പോൺ സൈറ്റിൽ; ഡൗൺലോഡിംഗ് പണം നൽകിയാൽ
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ ഉടമസ്ഥയിൽ പ്രവർത്തിക്കുന്ന തീയേറ്ററുകൾക്കുള്ളിലെ സിസിടിവി ദൃശ്യങ്ങൾ പോൺ സൈറ്റിലും ടെലഗ്രാം ഗ്രൂപ്പിലും വ്യാപകമായി പ്രചരിക്കുന്നു. ദി ന്യൂസ് മിനിറ്റ് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വിവിധ തീയേറ്ററുകളിൽ സിനിമ കാണാൻ എത്തുന്ന കമിതാക്കളുടെ ദൃശ്യങ്ങളാണ് മുഖം പോലും ബ്ലർ ചെയ്യാതെ പ്രചരിക്കുന്നത്.
ഈ ദൃശ്യങ്ങൾക്കൊപ്പം ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യാനുള്ള ലിങ്കുകളും പങ്കുവയ്ക്കുന്നുണ്ട്. ഇത്തരം ടെലഗ്രാം ചാനലിൽ അംഗമായാൽ നിരവധി സബ് ചാനലുകളും കാണാൻ സാധിക്കും. പണം നൽകിയാൽ ഒട്ടേറെ സിസിടിവി ദൃശ്യങ്ങൾ ഡൗൺലോഡ് ചെയ്യാൻ സാധിക്കും. പണം അടച്ചെന്ന് തെളിയിക്കുന്ന സ്‌ക്രീൻഷോട്ട് ഷെയർ ചെയ്യാൻ മാത്രമായി മറ്റൊരു ചാനലും നിലവിലുണ്ട്.
പ്രചരിക്കുന്ന സിസിടിവി ദൃശ്യങ്ങളിൽ തീയേറ്ററുകളിലെ സീറ്റിൽ കെഎസ്എഫ്ഡിസിയുടെ ലോഗോ തെളിഞ്ഞ് കാണാനും കഴിയും. ചില ദൃശ്യങ്ങളിൽ കൈരളി എൽ 3 എന്ന വാട്ടർമാർക്കും, ചിലതിൽ ശ്രീ ബിആർ എൻട്രൻസ്, നിള ബിഎൽ എൻട്രൻസ് എന്നീ വാട്ടർമാർക്കുകളും ദൃശ്യമാണ്. ഇതുമായി ബന്ധപ്പെട്ട് തീയേറ്റർ അധികൃതരെ ബന്ധപ്പെട്ടപ്പോൾ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും ഇതേക്കുറിച്ച് അറിയില്ലെന്നുമാണ് പ്രതികരണം. തീയേറ്ററുകളിൽ സിസിടിവി സ്ഥാപിച്ചത് കെൽട്രോൺ ആണെന്നും ദൃശ്യങ്ങൾ പുറത്തുപോകാൻ വഴിയില്ലെന്നും അവർ പറയുന്നു.
നേരത്തെ, ഗുജറാത്തിലെ ആശുപത്രികളിലെ സിസിടിവി ദൃശ്യങ്ങൾ പോൺസൈറ്റിൽ പ്രചരിച്ചിരുന്നു. ഓപ്പറേഷൻ തീയേറ്ററുകളിലെ അടക്കം ദൃശ്യങ്ങളാണ് വിവിധ പോൺസൈറ്റിൽ പ്രത്യക്ഷപ്പെട്ടത്. ഇതിൽ ഗർഭിണികളെ പരിശോധിക്കുന്ന ദൃശ്യങ്ങളും ഉൾപ്പെട്ടിരുന്നു. ഇതിനെതിരെ പൊലീസിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിരുന്നു. സിസിടിവി നെറ്റ്വർക്കിന്റെ ദുർബലമായ പാസ്‌വേഡും സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തതയുമാണ് സൈബർ കുറ്റകൃത്യത്തിലേക്ക് നയിച്ചത്.