മൂക്കുത്തി ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഇങ്ങനെയൊരു അപകടം ഒളിഞ്ഞിരിപ്പുണ്ട്
കൊച്ചി: ഇന്ന് മിക്കവരും മൂക്കുത്തി ഉപയോഗിക്കാറുണ്ട്. എന്നാൽ മൂക്കുത്തി ഉപയോഗിക്കുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ അത് വലിയ അപകടത്തിന് കാരണമാകും. രണ്ടാഴ്ചക്കിടെ മൂന്ന് സ്ത്രീകളുടെ ശ്വാസകോശത്തിൽ നിന്നാണ് അമൃത ആശുപത്രിയിലെ ഇന്റർവെൻഷൻ പൾമനോളജി വിഭാഗം മൂക്കുത്തിയുടെ ആണി നീക്കം ചെയ്തത്.
ആണി ഉള്ളിലെത്തിയത് പോലും യുവതികൾ അറിഞ്ഞിരുന്നില്ല. വിദേശയാത്രയ്ക്കുള്ള വീസ നടപടികളുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് രണ്ട് യുവതികളുടെ ശ്വാസകോശത്തിൽ മൂക്കുത്തിയുടെ ആണിയുള്ളത് കണ്ടെത്തിയത്. ആരോഗ്യപരിശോധനയുടെ ഭാഗമായി എക്സ്റേ എടുത്തപ്പോഴാണ് 52 കാരിയായ മറ്റൊരു സ്ത്രീയുടെ ശ്വാസകോശത്തിലും ആണി കണ്ടത്.
ഇതിൽ 31കാരിയായ യുവതിയുടെ മൂക്കുത്തി ആണി കാണാതായിട്ട് രണ്ട് വർഷത്തോളമായിയെന്നാണ് റിപ്പോർട്ട്. ഇത് ശ്വാസകോശത്തിന്റെ വലതുഭാഗത്ത് അടിവശത്തായി തറച്ചുകിടക്കുകയായിരുന്നു. 44കാരിയുടെ ശ്വാസകോശത്തിൽ കണ്ടെത്തിയ വെള്ളി മൂക്കുത്തിയുടെ ആണി നഷ്ടപ്പെട്ടത് ആറുമാസം മുൻപാണ്. ആണി ശ്വാസകോശത്തിൽ അകപ്പെട്ടതിന് ശേഷം മൂവർക്കും ചെറിയ തോതിലുള്ള ചുമയല്ലാതെ മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് വിവരം. ഉറക്കത്തിലടക്കം നാം അറിയാതെ മൂക്കുത്തിയും ആണിയും മറ്റ് ഭാഗങ്ങളും ശ്വാസകോശത്തിലെത്താൻ സാദ്ധ്യതയുണ്ടെന്ന് വിദഗ്ധർ പറയുന്നു.