'കാർ എന്റെ വീട്ടിൽ വന്നിട്ടുമില്ല അതുമായി എനിക്കൊരു ബന്ധവുമില്ല'; എല്ലാം രാഷ്‌ട്രീയ ആരോപണമെന്ന് സി ചന്ദ്രൻ

Tuesday 02 December 2025 11:03 AM IST

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ രക്ഷപ്പെടാൻ ഉപയോഗിച്ച ഫോക്‌സ്‌വാഗൺ പോളോ കാറുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് കെപിസിസി ജനറൽ സെക്രട്ടറി സി ചന്ദ്രൻ. ബിജെപിയും സിപിഎമ്മും ഉന്നയിക്കുന്നതെല്ലാം രാഷ്‌ട്രീയ ആരോപണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. കാർ സി ചന്ദ്രന്റെ വീട്ടിൽ എത്തിയിരുന്നു എന്ന ആരോപണം ഉയരുന്ന സാഹചര്യത്തിലാണ് അദ്ദേഹം പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

'എന്റെ വീട്ടിൽ ആ കാർ വന്നിട്ടുമില്ല, ആ കാറുമായിട്ട് എനിക്കൊരു ബന്ധവുമില്ല. എന്റെ സ്വന്തം കാർ മാത്രമേ ഇവിടെയുള്ളു. രാവിലെ പോയാൽ വൈകിട്ടാണ് വീട്ടിൽ വരുന്നത്. ആ കാറുമായി ബന്ധപ്പെട്ട ഒരു വിവരവും എനിക്കറിയില്ല. നടി തൻവി റാം ഇവിടെ ഭവനപദ്ധതിക്ക് തറക്കല്ലിടാൻ വന്നതാണ്. അത് കഴിഞ്ഞ് എത്രയോ ദിവസമായി. ആരോപണങ്ങളെല്ലാം വെറുതെയാണ്. ഇവിടെ വേറൊരു കാറുമില്ല. എല്ലാം രാഷ്‌ട്രീയ ആരോപണമാണ്. എന്റെ കാർ കേടായപ്പോൾ കിയ കാറാണ് ഉപയോഗിച്ചത്. കേസാവുന്നതിന് രണ്ട് ദിവസം മുമ്പാണ് രാഹുലുമായി അവസാനമായി വിളിച്ചത്. പിന്നീട് ഒരു ബന്ധവുമില്ല. ബിജെപിക്കും സിപിഎമ്മിനും എന്ത് ആരോപണവും ഉന്നയിക്കാം'- സി ചന്ദ്രൻ പറഞ്ഞു.

അതേസമയം, കാർ യുവനടിയുടേതാണെന്ന് പൊലീസ് ഉറപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. കാറിന്റെ ഉടമയായ നടിയെ അന്വേഷണസംഘം ഉടൻ ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ട്. നോട്ടീസ് നൽകി വിളിപ്പിക്കാനാണ് നീക്കം. രാഹുലുമായി ഏറ്റവും അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് ഈ നടി. നടിയെ പൊലീസ് ഫോണിൽ ബന്ധപ്പെട്ടെന്നും സൂചനയുണ്ട്.