ഐ ഫോൺ തരാമെന്ന് പറഞ്ഞ് കുട്ടിയുടെ കയ്യിൽ മയക്കുമരുന്ന് നൽകി ക്വട്ടേഷൻ; പ്രതി താറാവ് ശ്യാം അറസ്റ്റിൽ
കായംകുളം: പ്രായപൂർത്തിയാകാത്ത കുട്ടിയുടെ കയ്യിൽ മാരക മയക്കുമരുന്ന് നൽകിയ കേസിലെ മൂന്നാംപ്രതി അറസ്റ്റിൽ. ഗുണ്ടാലിസ്റ്റിൽ ഉൾപ്പെട്ട കണ്ടല്ലൂർ തെക്ക് മുറിയിൽ ശ്യാംലാൽ നിവാസിൽ ശ്യാംലാൽ (29) എന്ന താറാവ് ശ്യാം ആണ് അറസ്റ്റിലായത്.
2024 ഡിസംബർ 30നായിരുന്നു സംഭവം. പ്രായപൂർത്തിയാകാത്ത കുട്ടിയുടെ കയ്യിൽ 230 മില്ലിഗ്രാം എൽഎസ്‌ജിഡി സ്റ്റാമ്പാണ് ഇയാൾ നൽകിയത്. ഒളിവിൽപ്പോയ ശ്യാം അനുയായികളുമായി ചേർന്ന് പിറന്നാൾ ആഘോഷിക്കുന്ന ചിത്രങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിച്ചിരുന്നു. ഇത്തരത്തിൽ സംഘടിപ്പിക്കുന്ന ബർത്ത് ഡേ പാർട്ടികളിൽ യുവാക്കൾക്ക് വൻതോതിൽ മയക്കുമരുന്ന് നൽകി പണം കൈക്കലാക്കുന്നതാണ് ഇയാളുടെ രീതി.
ശ്യാമിന്റെ അനുയായികളായി മയക്കുമരുന്നിന് അടിമകളായ നിരവധി യുവാക്കൾ കണ്ടല്ലൂർ, കായംകുളം പ്രദേശങ്ങളിലുണ്ടന്ന് പൊലീസ് പറഞ്ഞു. ഒളിവിൽ കഴിഞ്ഞപ്പോൾ കഞ്ചാവ് തോട്ടത്തിൽവച്ച് കഞ്ചാവ് പറിച്ചെടുത്ത് കൈകളിൽ വച്ച് വീഡിയോ ചിത്രീകരിച്ചും ഇയാൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു.
കായംകുളം, കനകക്കുന്ന്, കരീലക്കുളങ്ങര തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിൽ കൊലപാതകശ്രമം, അടിപിടി, പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കൽ തുടങ്ങി പത്തോളം കേസുകളിൽ പ്രതിയാണ് ഇയാൾ.
തിരുവനന്തപുരം സ്വദേശിയെ കുടുക്കാൻ ഒരുക്കിയ കെണി
തിരുവനന്തപുരം സ്വദേശിയായ സംഗീത് എന്ന യുവാവിനെ മയക്കുമരുന്ന് കേസിൽ പ്രതിയാക്കി ജയിലിലടയ്ക്കുന്നതിന് വേണ്ടി താറാവ് ശ്യാമിന്റെ അടുത്ത സുഹൃത്തും ചേപ്പാട് സ്വദേശിയുമായ രാഘിൽ 30 ലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ ഏറ്റെടുത്തിരുന്നു. ഇതുപ്രകാരം ഐഫോൺ പ്രതിഫലമായി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ കുറ്റകൃത്യത്തിലേക്ക് നയിച്ചത് ശ്യാമാണ്.
കുട്ടിയുടെ കയ്യിൽ മയക്കുമരുന്ന് നൽകി പൊലീസിന്റെ പിടിയിലാക്കി. മയക്കുമരുന്ന് നൽകിയത് തിരുവനന്തപുരം സ്വദേശി സംഗീതാണെന്ന് ചോദ്യം ചെയ്തപ്പോൾ കുട്ടി പറയുകയും പൊലീസ് സംഗീതിനെ പിടികൂടുകയും ചെയ്തിരുന്നു. കൂടുതൽ അന്വേഷണത്തിൽ കുട്ടിയുടെ മൊഴിയിൽ വൈരുദ്ധ്യം തോന്നിയ പൊലീസ് ഗൂഢാലോചനയുടെ ചുരുളഴിക്കുകയായിരുന്നു. തുടർന്ന് രണ്ടാം പ്രതിയായ രാഘിലിനെ പൊലീസ് പിടികൂടി. ഇതോടെയാണ് ശ്യാം ഒളിവിൽപ്പോയത്.
കായംകുളം ഡിവൈഎസ്‌പി ബിനുകുമാർ, സിഐ അരുൺ ഷാ, എസ്‌ഐ രതീഷ് ബാബു എന്നിവരടങ്ങിയ സംഘമാണ് ആലപ്പുഴ സൈബർ സെല്ലിന്റെ സഹായത്തോടെ ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.