വിവാഹനിശ്ചയം കഴിഞ്ഞത് ഫെബ്രുവരിയിൽ? സാമന്തയ്ക്ക് രാജ് നൽകിയ മോതിരത്തിന്റെ വില കോടികൾ

Tuesday 02 December 2025 11:53 AM IST

തെന്നിന്ത്യൻ താരം സാമന്തയും സംവിധായകൻ രാജ് നിദിമോരുവും കഴിഞ്ഞദിവസമാണ് വിവാഹിതരായത്. കോയമ്പത്തൂർ ഇഷ ഫൗണ്ടേഷന്റെ ലിംഗ ഭൈരവി ക്ഷേത്രത്തിലായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും ഏതാനും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

സാമന്തയുടെയും രാജിന്റെയും വിവാഹനിശ്ചയം ഈ വർഷം തുടക്കത്തിലെ കഴിഞ്ഞിരുന്നുവെന്നാണ് ഇപ്പോൾ വരുന്ന വാർത്തകൾ. ഫെബ്രുവരി 13ന് സാമന്ത ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങളിൽ വിവാഹനിശ്ചയ മോതിരം കാണാൻ കഴിയുന്നുണ്ട്. വിവാഹച്ചടങ്ങിനിടെ ഇതേ മോതിരമാണ് രാജ് വീണ്ടും സാമന്തയെ അണിയിച്ചത്. പിന്നാലെയാണ് ആരാധകർ ഈ മോതിരം ശ്രദ്ധിച്ച് തുടങ്ങിയത്.

എട്ട് പോർട്രെയിറ്റ് കട്ട് ഡയമണ്ട് ചേർന്നതാണ് ഈ മോതിരം. മദ്ധ്യഭാഗത്ത് ഒരു ഡയമണ്ടും ചുറ്റും എട്ട് വജ്രദളങ്ങളാൽ ചുറ്റപ്പെട്ട ഈ മോതിരത്തിന്റെ വില ഏകദേശം 1.5 കോടി രൂപയാണെന്നാണ് റിപ്പോർട്ട്.

അതിമനോഹരമായ ചുവപ്പ് സിൽക്ക് സാരിയായിരുന്നു സാമന്ത വിവാഹത്തിന് ധരിച്ചിരുന്നത്. സാറ്റിൻ സിൽക്കിൽ കെെകൊണ്ട് നെയ്‌തെടുത്ത പരമ്പരാഗത ബനാറസി സിൽക്ക് സാരിയാണിത്. ഡിസെെനർ അർപിത മെഹ്തയുടെ കളക്ഷനിൽ നിന്നുള്ളതാണ്.

സാമന്തയും രാജ് നിദിമോരുവും കഴിഞ്ഞ കുറച്ചുവർഷങ്ങളായി പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. രാജ് സംവിധാന പങ്കാളിയും നിർമ്മാണ പങ്കാളിയുമായ ദ ഫാമിലി മാൻ 2 എന്ന വെബ് സീരിസിൽ ഇരുവരും ഒരുമിച്ചിരുന്നു. കഴിഞ്ഞവർഷം അമേരിക്കയിൽ ഇരുവരും ഒന്നിച്ച് അവധി ആഘോഷിക്കുന്ന ചിത്രങ്ങൾ പുറത്തു വരികയും ചെയ്തിരുന്നു. അടുത്തിടെ സാമന്ത ആരംഭിച്ച പെർഫ്യൂ ബ്രാൻഡിന്റെ ലോഞ്ച് ചടങ്ങിൽ രാജ് പങ്കെടുക്കുകയും ചെയ്തു. രാജിനെ ചേർത്തുപിടിച്ചുള്ള ചിത്രവും അതിനൊപ്പം സാമന്ത ചേർത്ത കുറിപ്പും പിന്നീട് ചർച്ചയായി.

ഞാൻ കണ്ടുമുട്ടിയതിൽവച്ച് ഏറ്റവും മിടുക്കരും കഠിനാദ്ധ്വാനികളും ആത്മാർത്ഥതയുള്ളവരുമായ ചില ആളുകൾക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ ഞാൻ ഒരുപാട് നന്ദിയുള്ളവളാണ്. സാമന്തയുടെ കുറിപ്പിനൊപ്പം രാജ് നിദിമോരുവിനൊപ്പം ആലിംഗനം ചെയ്തു നിൽക്കുന്ന ചിത്രവും പങ്കുവച്ചിരുന്നു. ഒന്നും ഒളിക്കാനില്ല എന്ന ഹാഷ് ടാഗ് ചേർത്തതും പ്രണയ വാർത്തകൾക്ക് ചൂടുകൂട്ടി.

2021 ൽ ആണ് സാമന്തയും നടൻ നാഗചൈതന്യയും വേർപിരിഞ്ഞത്. കഴിഞ്ഞവർഷം നാഗചൈതന്യ നടി ശോഭിത ധുലിപാലയെ വിവാഹം കഴിച്ചു. രാജിന്റെയും രണ്ടാം വിവാഹം ആണ്.