സാമന്തയുടെ വിവാഹത്തിൽ മുൻഭർത്താവും പങ്കെടുത്തോ? ചർച്ചയായി നാഗചൈതന്യയുടെ പോസ്റ്റ്

Tuesday 02 December 2025 11:58 AM IST

ഇന്നലെയായിരുന്നു തെന്നിന്ത്യൻ താരം സാമന്തയും സംവിധായകൻ രാജ് നിദിമോരുവും വിവാഹിതരായത്. കോയമ്പത്തൂർ ഇഷ ഫൗണ്ടേഷന്റെ ലിംഗ ഭൈരവി ക്ഷേത്രത്തിലായിരുന്നു വിവാഹം നടന്നത്.

സാമന്തയും രാജ് നിദിമോരുവും കഴിഞ്ഞ കുറച്ചുവർഷങ്ങളായി പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. രാജ് സംവിധാന പങ്കാളിയും നിർമ്മാണ പങ്കാളിയുമായ ദ ഫാമിലി മാൻ 2 എന്ന വെബ് സീരിസിൽ ഇരുവരും ഒരുമിച്ചിരുന്നു. ഇരുവരുടെയും വിവാഹം ആരാധകർ ആഘോഷമാക്കുകയും ചെയ്‌തു.

ഈ സമയമെല്ലാം ആരാധകർ ഉറ്റുനോക്കിയത് മുൻ ഭർത്താവായ നാഗചൈതന്യയിൽ നിന്ന് എന്തെങ്കിലും പ്രതികരണം ഉണ്ടാകുമോയെന്നായിരുന്നു. സാമന്തയുടെ വിവാഹം നടക്കുന്ന അതേസമയത്തുതന്നെ നാഗചൈതന്യ ഇൻസ്റ്റഗ്രാമിൽ ഒരു പോസ്റ്റ് ഇട്ടു. അൽപം വിഷാദഭാവത്തോടെ കൈയും കെട്ടിനിൽക്കുന്ന ചിത്രമാണ് നടൻ പങ്കുവെച്ചത്. തന്റെ സീരിസായ 'ധൂത'യെക്കുറിച്ചുള്ളതായിരുന്നെ ഇത്.

ധൂത പുറത്തിറങ്ങിയിട്ട് ഇന്നലെ രണ്ട് വർഷം തികഞ്ഞു. തന്നെ പിന്തുണച്ച പ്രേക്ഷകർക്കും സീരിസിന്റെ അണിയറപ്രവർത്തകർക്കും നന്ദി പറഞ്ഞുകൊണ്ടുള്ള കുറിപ്പും പോസ്റ്റിന് താഴെ പങ്കുവച്ചിട്ടുണ്ട്. എന്നിരുന്നാലും സമാന്തയുടെ വിവാഹം നടന്നുകൊണ്ടിരിക്കുന്ന വേളയിൽ തന്നെ ഇത്തരമൊരു പോസ്റ്റിട്ടത് യാദൃശ്ചികമാണോയെന്ന സംശയം ആരാധകരിൽ ഉടലെടുത്തു.

സാമന്തയുടെ വിവാഹത്തെക്കുറിച്ചുള്ള കമന്റുകളാണ് പോസ്റ്റിന് താഴെ കൂടുതലും വന്നുകൊണ്ടിരിക്കുന്നത്. നാഗചൈതന്യ ചടങ്ങിൽ പങ്കെടുത്തോ എന്ന് ചിലർ കളിയായി ചോദിച്ചിട്ടുണ്ട്. ജോലി സംബന്ധമായ ഒരു പോസ്റ്റ് പങ്കുവെച്ച് നടൻ വിവാഹത്തിന്റെ ശ്രദ്ധ തിരിക്കാൻ ശ്രമിച്ചുവെന്നും കമന്റുകളുണ്ട്.

2021ലാണ് സാമന്തയും നാഗചെെതന്യയും വിവാഹമോചിതരായത്. കഴിഞ്ഞ ഡിസംബറിൽ നാഗചൈതന്യ നടി ശോഭിത ധുലിപാലയെ വിവാഹം കഴിച്ചിരുന്നു. ഡിസംബർ മാസംതന്നെയാണ് സാമന്തയും വിവാഹത്തിനായി തിരഞ്ഞെടുത്തിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.