'ഞാൻ കോച്ചായിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കുമോ', തുറന്നടിച്ച് മുൻ പരിശീലകൻ
ന്യൂഡൽഹി: ടെസ്റ്റിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം തുടർച്ചയായി പരാജയപ്പെട്ടതിന്റെ പേരിൽ നിലവിലെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ കടുത്ത സമ്മർദ്ദത്തിലാണ്. മറുവശത്ത് സീനിയർ താരങ്ങളുമായി ഗംഭീറിന് ആശയഐക്യമില്ലെന്ന വാർത്തകളും സജീവമാണ്. ഗംഭീർ പരിശീലകനായ ശേഷം ഇന്ത്യ കളിച്ച അഞ്ച് ടെസ്റ്റ് പരമ്പരകളിൽ വെസ്റ്റിൻഡീസിനെതിരായ ഒരെണ്ണം മാത്രമാണ് വിജയിച്ചത്.
ഓസ്‌ട്രേലിയ, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക എന്നിവയ്‌ക്കെതിരെ ഇന്ത്യ തോൽവി ഏറ്റുവാങ്ങിയപ്പോൾ ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പര സമനിലയിൽ കലാശിച്ചു. ഇപ്പോഴിതാ മുൻപ് ഇതേ സ്ഥാനത്ത് ഉണ്ടായിരുന്ന രവി ശാസ്ത്രി ഗംഭീറിനെ അനുകൂലിച്ച് സംസാരിക്കാൻ തയ്യാറായില്ലെങ്കിലും ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റിൽ കളിക്കാർ കൂടുതൽ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രഭാത് ഖബാർ പുറത്തിറക്കിയ പോഡ്കാസ്റ്റിലൂടെയാണ് ശാസ്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്.
' ഗോഹട്ടിയിൽ ശരിക്കും എന്താണ് സംഭവിച്ചത്? 100ന് ഒരു വിക്കറ്റ് എന്ന മികച്ച നിലയിൽ നിന്ന് പെട്ടെന്ന് 130ന് ഏഴ് വിക്കറ്റിലേക്ക് തകർന്നു. നമ്മുടെ ടീം അത്ര മോശമൊന്നുമല്ല. നല്ല കഴിവുള്ള കളിക്കാർ ടീമിലുണ്ട്. അതുകൊണ്ട്, ഇതിന്റെയൊക്കെ ഉത്തരവാദിത്തം കളിക്കാർ കൂടി ഏറ്റെടുത്തേ പറ്റൂ. നിങ്ങളൊക്കെ ചെറുപ്പം മുതലേ സ്പിൻ ബൗളിംഗ് പരിശീലിച്ച് വളർന്നവരല്ലേ' ശാസ്ത്രി ചോദിക്കുന്നു.
ഗൗതം ഗംഭീറിനെ സപ്പോർട്ട് ചെയ്യുകയാണോ എന്ന ചോദ്യം വന്നപ്പോൾ ശാസ്ത്രി അത് നിഷേധിച്ചു. 'ഞാൻ അയാളെ സംരക്ഷിക്കാൻ നിൽക്കുന്നില്ല. നൂറ് ശതമാനം അയാൾക്കും ഉത്തരവാദിത്തമുണ്ട്. ആ മത്സരം എന്റെ കോച്ചിംഗ് സമയത്തായിരുന്നുവെങ്കിൽ ഞാനാണ് ആദ്യം ഉത്തരവാദിത്തം ഏറ്റെടുക്കുക. പക്ഷേ ടീം മീറ്റിംഗിൽ കളിക്കാരെ വെറുതെ വിടില്ലായിരുന്നു,' അദ്ദേഹം പറഞ്ഞു.
അതേസമയം, കോച്ച് ഗൗതം ഗംഭീർ, ചീഫ് സെലക്ടർ അജിത് അഗാർക്കർ, ബോർഡിലെ മറ്റ് പ്രധാനപ്പെട്ട അംഗങ്ങളെയെല്ലാം ഉൾപ്പെടുത്തി ബിസിസിഐ ഒരു യോഗം ചേർന്നിട്ടുണ്ട്. ടീമിന്റെ കോച്ചായി ഗംഭീറിന്റെ സ്ഥാനം നിലവിൽ സുരക്ഷിതമാണെങ്കിലും ടീമിന്റെ പോക്ക് അത്ര ശരിയല്ലെന്നാണ് ബോർഡിന്റെ വിലയിരുത്തൽ.