കാറുകൾ മാറിമാറി ഉപയോഗിക്കുന്നു; രാഹുൽ മാങ്കൂട്ടത്തിൽ കർണാടക അതിർത്തിയിലേക്ക് കടന്നു

Tuesday 02 December 2025 1:30 PM IST

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ പൊലീസ് തിരയുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ കർണാടകയിലുണ്ടെന്ന് റിപ്പോർട്ട്. കോയമ്പത്തൂരിലും പൊള്ളാച്ചിയിലും എത്തിയതിന് ശേഷം രാഹുൽ കർണാടകയിലേക്ക് കടന്നെന്നാണ് വിവരം. കാറുകൾ മാറിമാറി ഉപയോഗിച്ചാണ് രാഹുൽ യാത്ര ചെയ്യുന്നത്. കർണാടക അതിർത്തിയായ ബാഗലൂരിൽ രാഹുൽ എത്തിയിരുന്നു. ഇന്നലെ രാഹുൽ ഇവിടെ ഉണ്ടായിരുന്നെന്നാണ് റിപ്പോർട്ട്.

ഇതിനിടെ, നാളെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ രാഹുൽ മാങ്കൂട്ടത്തിൽ പുതിയ ഹർജി സമർപ്പിച്ചു. നാളെ അടച്ചിട്ട കോടതി മുറിയിൽ മുൻകൂർ ജാമ്യഹർജി പരിഗണിക്കണമെന്നാവശ്യപ്പെട്ടാണ് തിരുവനന്തപുരം സെഷൻസ് കോടതിയിൽ ഹർജി നൽകിയത്. പാലക്കാട് തുടരുന്ന എസ്‌ഐടി സംഘം വീണ്ടും രാഹുലിന്റെ ഫ്ലാറ്റിലെത്തി കെയർടേക്കറുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

സിസിടിവി ദൃശ്യങ്ങൾ കെയ‌ർടേക്കറെ സ്വാധീനിച്ച് രാഹുലും സംഘവും നശിപ്പിച്ചെന്ന നിഗമനത്തിലായിരുന്നു എസ്‌ഐടി. ഇക്കാര്യങ്ങളിലടക്കം കൂടുതൽ വിവരങ്ങൾ തേടുന്നതിനായാണ് കെയ‌ർടേക്കറുടെ മൊഴിയെടുത്തത്. കഴിഞ്ഞ വ്യാഴാഴ്‌ച വൈകിട്ട് 4.30ന് ഫ്ലാറ്റിൽ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോയെന്നും രാഹുൽ അന്ന് വൈകിട്ട് ഫ്ലാറ്റിലെത്തിയതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നുമാണ് കെയർടേക്കറുടെ മൊഴി. സിസിടിവി സംവിധാനത്തിൽ താൻ യാതൊരു ഇടപെടലും നടത്തിയിട്ടില്ലെന്നും കെയർടേക്കർ മൊഴി നൽകി.