ഇഴഞ്ഞു നീങ്ങിയ പാമ്പ് കയറിക്കൂടിയത് ബാങ്കിൽ, പരിഭ്രാന്തരായ ജീവനക്കാർ ചെയ്തു കൂട്ടിയത്; വീഡിയോ

Tuesday 02 December 2025 2:42 PM IST

ഗോളിയർ: പഞ്ചാബ് നാഷണൽ ബാങ്ക് ശാഖയിൽ പാമ്പ് കയറി. മദ്ധ്യപ്രദേശിലെ ദാതിയയിലാണ് സംഭവം. പാമ്പിനെ കണ്ട ജീവനക്കാർ പരിഭ്രാന്തരായി മേശപ്പുറത്തും കസേരകളിലും കയറി നിൽക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. തങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ഓഫീസ് ഫർണിച്ചറുകളുടെ മുകളിൽ കയറി നിൽക്കാൻ ജീവനക്കാർ തിടുക്കം കൂട്ടുന്നതും വീഡിയോയിൽ വ്യക്തമാണ്. ബാങ്കിന്റെ തറയിലൂടെ ഇഴഞ്ഞു നീങ്ങുന്ന കറുത്ത പാമ്പിനെയാണ് വീഡിയോയിൽ കാണുന്നത്.

ഭൂരിഭാഗം പേരും എന്ത് ചെയ്യണമെന്നറിയാതെ അന്ധാളിച്ചു നിന്നപ്പോൾ ജീവനക്കാരിൽ ഒരാൾ പാമ്പിനെ പുറത്തെത്തിക്കാൻ ധൈര്യം സംഭരിച്ച് മുന്നോട്ടു വരികയായിരുന്നു. ഭാഗ്യവശാൽ അയാൾക്ക് പാമ്പിനെ കെട്ടിടത്തിന് പുറത്തേക്ക് സുരക്ഷിതമായി എത്തിക്കാൻ സാധിച്ചു. ഒരു വൈപ്പർ ഉപയോഗിച്ചാണ് ഇയാൾ പാമ്പിനെ ബാങ്കിനുള്ളിൽ നിന്ന് പുറത്തേക്ക് തുരത്തിയത്.

പാമ്പിനെ തുരത്തിയ യുവാവിനെ നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ അഭിനന്ദിച്ചത്. 'അവർ അനുഭവിക്കുന്ന ഭയം എനിക്ക് മനസിലാക്കാൻ കഴിയും. നോക്കിയേ എല്ലാവരും മേശപ്പുറത്ത് കയറി നിൽക്കുന്നത് 'ഒരാൾ കമന്റു ചെയ്തു.

'ഞാൻ കണ്ടതിൽ വച്ച് ഏറ്റവും ഭയപ്പെടുത്തുന്ന വീഡിയോകളിൽ ഒന്നാണിത്. എനിക്ക് പാമ്പുകളെ ഭയമാണ്. ഞാനും ഇതേപോലെ തന്നെ പ്രതികരിക്കുമായിരുന്നു, ഒരുപക്ഷേ ഇതിനുശേഷം ഒരിക്കലും ആ ബാങ്കിൽ പോകില്ല' മറ്റൊരു ഉപയോക്താവ് കമന്റു ചെയ്തു.