കേരളത്തിൽ എസ്ഐആ‌ർ നടപടികൾ തുടരാം; തെരെഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

Tuesday 02 December 2025 2:52 PM IST

ന്യൂഡൽഹി: കേരളത്തിൽ എസ്ഐആർ നടപടികൾ തുടരാമെന്ന് തെരെഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീകോടതി. എന്നാൽ എസ്ഐആറും തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പും ഒരുമിച്ച് നടത്തുന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്നാണ് സംസ്ഥാന സ‌ർക്കാരിനു വേണ്ടി ഹാജരായ സ്റ്റാൻഡിംഗ് കോൺസിൽ വ്യക്തമാക്കിയത്.

പക്ഷെ സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷന് യാതൊരു പ്രശ്നവുമില്ലെന്നും എസ്ഐആർ നടപടികൾക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട നടപടികൾക്കും വ്യത്യസ്തമായ ജീവനക്കാരെയാണ് നൽകിയിരിക്കുന്നതെന്നുമാണ് കോടതിയിൽ കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷൻ ഉന്നയിച്ചത്. തെരെഞ്ഞെടുപ്പ് നടക്കാൻ ഒരാഴ്ച കൂടി ബാക്കി നിൽക്കുന്ന സാഹചര്യത്തിൽ ഇടക്കാല ഉത്തരവ് ആവശ്യപ്പെട്ടാണ് ഇന്ന് സുപ്രീം കോടതിയിൽ വാദം നടന്നത്.

ഇതുസംബന്ധിച്ച് ഒരു ഇടക്കാല ഉത്തരവിലേക്ക് സുപ്രീം കോടതി കടക്കുന്നില്ല. അതേസമയം സംസ്ഥാനത്തിന്റെ ആവശ്യങ്ങളെല്ലാം ന്യായമാണെന്നുള്ള കാര്യം കോടതി വ്യക്തമാക്കുന്നുണ്ട്. തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നടപടികൾ തീരുന്നതിന് ഒരാഴ്ച കൂടി സമയപരിതി നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷനു തന്നെ ഒരു അപേക്ഷ നൽകാനുള്ള നിർദ്ദേശമാണ് സുപ്രീം കോടതിയുടെ ഭാഗത്തു നിന്നും ഇപ്പോൾ ഉണ്ടായത്. ഈ കാര്യങ്ങളെല്ലാം പരിഗണിച്ച് രണ്ടു ദിവസത്തിനുള്ളിൽ ഉചിതമായ തീരുമാനം എടുക്കണമെന്നാണ് സുപ്രീം കോടതി നിർദ്ദേശിച്ചിരിക്കുന്നത്.