ക്ഷേത്രത്തിലെ ഫോട്ടോകൾക്കും വിഗ്രഹങ്ങൾക്കുമിടയിൽ ഒളിപ്പിച്ചത് മദ്യക്കുപ്പികൾ; പിടികൂടിയത് 30 ലിറ്റർ

Tuesday 02 December 2025 3:11 PM IST

തിരുവനന്തപുരം: കുടുംബക്ഷേത്രത്തിലെ ഫോട്ടോകൾക്കും വിഗ്രഹങ്ങൾക്കുമിടയിൽ ഒളിപ്പിച്ചത് മദ്യക്കുപ്പികൾ. എക്‌സൈസ് നടത്തിയ പരിശോധനയിൽ 30 ലിറ്റർ മദ്യമാണ് പിടികൂടിയത്. നെയ്യാറ്റിൻകര പുന്നക്കാട് സ്വദേശി പോറ്റിയെ (അർജുൻ) കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ആരാധനാലയത്തിന്റെ മറവിൽ മദ്യക്കച്ചവടം നടത്തുകയായിരുന്നു. എക്‌സൈസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും മദ്യക്കുപ്പികൾ പുറത്തെടുത്തെടുക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. ഇതോടെ ദൈവങ്ങളുടെ ഫോട്ടോകൾക്കും വിഗ്രഹങ്ങൾക്കും പിന്നിലൊളിപ്പിച്ച കുപ്പികൾ പോറ്റി പുറത്തേക്കിടുകയായിരുന്നു.

മദ്യം ശേഖരിച്ചുവച്ച് ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കുകയായിരുന്നു പോറ്റി ചെയ്തിരുന്നത്. എക്‌സൈസ് ഇൻസ്‌പെക്ടർ എ കെ അജയകുമാർ, പ്രിവന്റീവ് ഓഫീസർ എം എസ് അരുൺകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.