രാഹുലിനെതിരെ മറ്റൊരു പീഡന പരാതികൂടി; മുറിയിലെത്തിച്ച് ക്രൂരമായി പീഡിപ്പിച്ചു, ഗർഭിണിയാകണമെന്ന് ആവശ്യം

Tuesday 02 December 2025 3:15 PM IST

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരെ വീണ്ടും പീഡന പരാതി. കോൺഗ്രസ് നേതൃത്വത്തിനാണ് ഇരുപത്തിമൂന്നുകാരി പരാതി നൽകിയത്. കേരളത്തിന് പുറത്താണ് പരാതിക്കാരി താമസിക്കുന്നത്. ഹോട്ടൽ മുറിയിലേക്ക് കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചെന്നാണ് യുവതി പരാതിയിൽ പറയുന്നത്.

കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, സണ്ണി ജോസഫ് എന്നിവർക്കാണ് ഇമെയിൽ വഴി പരാതി നൽകിയത്. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചശേഷം ബന്ധം അവസാനിപ്പിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. മുറിയിൽ വച്ച് ക്രൂരമായി ആക്രമിച്ച് ശരീരമാകെ മുറിവേൽപ്പിച്ചെന്നും ശാരീരികവും മാനസികവുമായി ക്രൂരപീഡനം നേരിട്ടെന്നും പരാതിയിൽ യുവതി പറയുന്നു. ഗർഭിണിയാകണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ തന്നോട് ആവശ്യപ്പെട്ടെന്നും യുവതി വ്യക്തമാക്കി.

'2023ലാണ് രാഹുലിനെ പരിചയപ്പെടുന്നത്. ടെലിഗ്രാം നമ്പർ വാങ്ങി അതുവഴിയായിരുന്നു ചാറ്റിംഗ്. ബന്ധുക്കളുമായി വീട്ടിലെത്തി വിവാഹത്തെക്കുറിച്ച് രാഹുൽ സംസാരിച്ചിരുന്നു. ഇടയ്ക്ക് നാട്ടിലെത്തിയപ്പോൾ കാണാൻ വന്നു. രാഹുലും ഒരു സുഹൃത്തുമാണ് അന്ന് വന്നത്. പിന്നാലെ കാറിൽ കയറ്റി ഹോം സ്റ്റേയിൽ എത്തിക്കുകയും അവിടെവച്ച് ക്രൂരമായി പീഡിപ്പിക്കുകയും ആയിരുന്നു. ശേഷം വിവാഹം കഴിക്കാൻ ഇപ്പോൾ താൽപര്യമില്ലെന്ന് പറഞ്ഞു. എന്നിട്ടും ചാറ്റ് ചെയ്യുന്നത് തുടർന്നു. നിന്നെ എനിക്ക് ഗർഭിണിയാക്കണമെന്നാണ് രാഹുൽ ആവർത്തിച്ച് പറഞ്ഞത്. ശേഷവും പലതവണ അതിക്രമം നടത്താൻ ശ്രമിച്ചു'- പരാതിയിൽ പറയുന്നു.

പരാതി കിട്ടിയതായി പാർട്ടി നേതൃത്വം സ്ഥിരീകരിച്ചു. നിയമപരമായി തുടർനടപടി സ്വീകരിക്കുമെന്നും നേതൃത്വം അറിയിച്ചു.